ഓജോ ബോർഡ് ഡേയ്സ് :)

ഇംഗ്ലീഷ് വർഷം 2004. മമ്മൂട്ടി ചിത്രമായ അപരിചിതൻ തിയേറ്ററുകളിൽ പ്രദർശനത്തിന് വന്ന സമയം. ഞാനന്ന് ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. അടുത്ത വീട്ടിലെ ബിനുചേട്ടന്റെ വീട്ടിൽ പോയിരുന്നു സിനിമാമാസികകൾ അരിച്ചുപെറുക്കുന്നത് അന്നത്തെ ഒരു പ്രധാനവിനോദമാണ്. കുരുത്തം കെട്ട കുട്ടിക്കാലമായിരുന്നു എന്റേത്. കുറെയേറെ വികൃതിത്തരങ്ങൾ ചെയ്തുകൂട്ടിയിട്ടുണ്ട്.  
എനിക്ക് ചെറുപ്പം മുതൽ പ്രേതകഥകളോട് വല്ലാത്ത ഭ്രമമുണ്ട്. പ്രായമുള്ളവർ പറഞ്ഞുകേട്ട 'സംഭവകഥകളും', നാട്ടിലെ കാവും, ഇരുട്ട് നിറഞ്ഞ അന്തരീക്ഷവുമെല്ലാം എന്നിൽ സ്വാഭാവികമായി ഒരു താൽപ്പര്യം വളരാൻ കാരണമായി.  

അപരിചിതൻ സിനിമ തീയേറ്ററിൽ പോയി കണ്ട രഞ്ജിനിചേച്ചിയാണ് ഓജോ ബോർഡിനെപ്പറ്റി ആധികാരികമായ അറിവുകൾ ആദ്യമായി പങ്കുവെച്ചത്. അന്ന് ഇന്റർനെറ്റ് പ്രചാരത്തിൽ വന്നിട്ടില്ല. ആളുകൾ പറയുന്നതോ, പുസ്തകങ്ങളിൽ അച്ചടിച്ചുവന്നതോ ആയ അറിവിനാണ് ആധികാരികത. 
"എടാ അച്ചൂ, ഈ ഓജോ ബോർഡ് ഒരു ഭയങ്കര സംഭവമാ കേട്ടോ"
"സത്യം ചേച്ചി"
"ഇതൊക്കെ കളിക്കാൻ അപാര ധൈര്യം വേണമെടാ"
"നമുക്ക് ഓജോ ബോർഡ് കളിച്ചുനോക്കിയാലോ ചേച്ചീ"
അങ്ങനെയൊരു മറുപടി ചേച്ചിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചെന്നു അടുത്ത നിമിഷത്തിൽ ബോധ്യമായി. അമ്മ വിളിക്കുന്നുണ്ടാവുമെന്ന് ആത്മഗതം മൊഴിഞ്ഞു ചേച്ചി സ്ഥലം കാലിയാക്കി. 
അടുത്തതായി കസിൻ ചേച്ചിയും, സാഹസികതൽപ്പരയുമായ ഗീതുചേച്ചിയെ ചാക്കിട്ട് പിടിക്കാൻ ശ്രമമാരംഭിച്ചു.  ചേച്ചിക്ക് ഐഡിയ നന്നായി ബോധിച്ചു. പക്ഷെ സ്കൂളിൽ ആരോ ഓജോ ബോർഡ് കളിച്ചു പേടിച്ച കഥ പറഞ്ഞു ഞങ്ങളെ നിരുത്സാഹപ്പെടുത്താൻ നോക്കി. അങ്ങനെ ചേച്ചിയും ആ സീൻ കാലിയാക്കി. 

പക്ഷെ ഞങ്ങൾ വിട്ടില്ല. പഴയ ബാലഭൂമിയിൽ സൗജന്യമായി വന്ന ഓജോ ബോർഡ് ഞങ്ങൾ സൂക്ഷിച്ചുവെച്ചിരുന്നു. ഒരു നാണയത്തുട്ടും, മെഴുകുതിരിയും, ബോർഡും കയ്യിൽ പിടിച്ചു ഞാനും, സ്വയം പ്രഖ്യാപിത ധൈര്യശാലിയായ അപ്പുവും എന്റെ പഴയ കിടപ്പുമുറിയിൽ കയറി കതകടച്ചു. 
സമയം ഏകദേശം വൈകുന്നേരം ആയിക്കാണും. ചുറ്റുമാരും കാണാൻ ഇല്ലെന്ന് ആദ്യം തന്നെ ഉറപ്പുവരുത്തി. ഒരു ദീർഘനിശ്വാസമെടുത്തു.  കളി തുടങ്ങാൻ പോകുകയാണ്. 
"ഡാ നീ കോയിൻ വെയ്ക്ക്"
"നീ വെച്ചോടാ. ഞാൻ മന്ത്രം ചൊല്ലാം"

ആ ചതുരക്കളത്തിൽ ഒരു രൂപയുടെ നാണയത്തുട്ട് വെയ്ക്കുമ്പോൾ എന്റെ കൈ ഒന്നറിയാതെ വിറച്ചു. അപ്പുവിനെ ഒന്ന് നോക്കി. അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നറിയാനുള്ള കൗതുകത്താലോ മറ്റോ ആവണം,  അവന്റെ മുഖം ചുവന്നുതുടുത്തിരുന്നു. 

2

"Good spirit please come" ഞങ്ങൾ ആവർത്തിച്ചു ചൊല്ലി. " പക്ഷെ, എന്ത് ചെയ്യാൻ! കുറെ  നേരം കാത്തിരുന്നിട്ടും കാര്യമായി ഒന്നും സംഭവിച്ചില്ല. ഞങ്ങൾ കബളിക്കപ്പെട്ടുവോ? രണ്ടാളും മുഖത്തോട് മുഖം നോക്കിയിരുന്നു. 
പെട്ടെന്നാണ് അപ്രതീക്ഷിതമായി ഒരു ട്വിസ്റ്റ് സംഭവിക്കുന്നത്. പുറത്ത് അതിശക്തമായ കാറ്റ് വീശാൻ തുടങ്ങി. മരങ്ങൾ ആടിയുലയുന്ന ശബ്ദം ഞങ്ങൾക്ക്  കേൾക്കാം. പട്ടിയും പൂച്ചയും എന്തൊക്കെയോ വിചിത്രശബ്ദങ്ങൾ  പുറപ്പെടുവിക്കുന്നു.  
"ഡാ അപ്പൂ, നമുക്ക് പോയാലോ"
"നീ അടങ്ങേടാ, നമുക്ക് ഒന്ന് നോക്കാന്നേ, " അപ്പുവിന്റെ ധൈര്യം കലർന്ന വാക്കുകൾ എനിക്ക് കരുത്ത് കിട്ടാൻ പര്യാപ്തമായിരുന്നു.  
അപ്പോഴാണ് കാറ്റത്തു മെഴുകുതിരി കെട്ടത്. ഞാനാകെ വിളറിവിയർത്തുപോയി. മുറിയിലെ സ്വിച്ചു പരതിനോക്കി. പക്ഷെ കറന്റ് പണി മുടക്കിയിരുന്നു.  
"അപ്പൂ, "ഞാൻ സകലധൈര്യവും സംഭരിച്ചു വിളിച്ചു. 
"ഡാ അച്ചൂ, " അവന്റെ ശബ്ദത്തിന് നല്ല വിറയൽ ഉണ്ടായിരുന്നു. 
"നമുക്ക് പോയാലോ"
"എന്റമ്മേ, " ആ വിളി മാത്രമേ ഞാൻ കേട്ടുള്ളൂ. 
എന്നെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ ആശാൻ സ്ഥലം കാലിയാക്കിയെന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞു. "ചതിയൻ, "ഞാൻ മനസ്സിലോർത്തു. 
എങ്ങനെയും രക്ഷപ്പെടണം. പതിയെ വാതിൽ ലക്ഷ്യമാക്കി നടന്നു. "തിരിഞ്ഞുനോക്കാതെ വേണം നടന്നുപോകാൻ. ഏതു വിധേനയും സുരക്ഷിതമായി പുറത്തു വരണം, "ഞാൻ മനസ്സിൽ പറഞ്ഞു. പിന്നെ ഓരോ ചുവടും വളരെ ശ്രദ്ധിച്ചു വാതിലിന് അടുത്ത് എങ്ങനെയൊക്കെയോ എത്തി. എന്റെ പാതിജീവൻ അപ്പോൾ തന്നെ പോയിട്ടുണ്ടായിരുന്നു.
ഏതൊക്കെയോ ഈശ്വരനാമം ജപിച്ചു, എല്ലാ ധൈര്യവും മനസ്സിൽ സംഭരിച്ചു കതക് തള്ളിത്തുറന്ന് വേറെ മുറിയിൽ പ്രവേശിച്ചപ്പോഴാണ് മനസ്സിന് ഒരാശ്വാസം വന്നത്. ഒരു യുദ്ധം കഴിഞ്ഞ പ്രതീതി!
അപ്പോഴേക്കും വീട്ടിൽ കറന്റ് വന്നു. 
"ആകാശവാണി, തിരുവനന്തപുരം-ആലപ്പുഴ- അറിയിപ്പുകൾ. ഇന്ന് ഉച്ച മുതൽ സംസ്ഥാനത്തു പരക്കെ മഴയും ശക്തമായ കാറ്റും വീശാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ ശ്രദ്ധിക്കുക, " ഞങ്ങൾ ഗംഭീരമായി പറ്റിക്കപ്പെട്ട വിവരം ഞാൻ തിരിച്ചറിഞ്ഞു. ആത്മാവുമായി ഇടപെടാൻ കിട്ടിയ സുവർണ്ണാവസരം നഷ്ടപ്പെട്ട ദുഃഖത്തിൽ അന്നത്തെ അത്താഴവും മുടക്കി വ്യസനിച്ചിരുന്നു. പക്ഷെ എന്ത് പറയാൻ! ഞങ്ങളുടെ ശ്രമം വിഫലമായി. പുതിയതായി ചെയ്യാൻ ധൈര്യമില്ല. 

പിന്നെപ്പിന്നെ,  ഓജോബോർഡ് എന്ന 
കൗതുകത്തിന് വിരാമമായി .
അന്നത്തെ അനുഭവം പൊടിപ്പും തൊങ്ങലും ചേർത്ത് കൂട്ടുകാരോട് വിവരിച്ചപ്പോൾ അവർ ഞങ്ങളുടെ ധീരതയെ വാനോളം പുകഴ്ത്തി. ഞങ്ങളുടെ കഥകളിൽ ഞങ്ങൾ കണ്ട ആത്മാവിനു ഒരു പേരും, പറയാൻ ഒരു കഥയും, കേൾക്കാൻ രണ്ടാളുകളും ഉണ്ടായിരുന്നു. "ആത്മാവിനെ കണ്ടില്ലെങ്കിലെന്താ, നാലാളുടെ മുൻപിൽ ഞെളിഞ്ഞു നിൽക്കാൻ പറ്റിയില്ലേ, " അതോർത്തു ഞങ്ങൾ നിർവൃതി കൊണ്ടു. 

വാൽക്കഷ്ണം: ഈ കഥയിലെ അച്ചു ഇതെഴുതിയ ഞാനല്ല. ഒരു യഥാർത്ഥ സംഭവം അൽപ്പം മസാലക്കൂട്ട് ചേർത്ത് അവതരിപ്പിക്കാനാണ് ശ്രമിച്ചത്. അപ്പുവും, അച്ചുവും, രഞ്ജിനിച്ചേച്ചിയും, ബിനുച്ചേട്ടനും, ഗീതുചേച്ചിയും ഈ കഥ ഓർക്കുന്നോ ആവോ :D..

Comments

Post a Comment

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ