പഴയതും പുതിയതും
വല്ലാത്ത ആശയക്കുഴപ്പം വരുത്തുന്ന ഒരു സമസ്യയായാണ് ഈ ചോദ്യം
എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.
പുതിയ ഒന്നിനെ പുൽകുമ്പോൾ നമ്മൾ
നമ്മുടെ ഇന്നലെകളെ തള്ളിക്കളയുകയാണോ? അതോ ഇന്നിന്റെ യാഥാർഥ്യങ്ങളോട് സമരസപ്പെടുകയാണോ? ഇനി മനസ്സില്ലാമനസ്സോടെ പുതിയ നാളെയെ വരവേൽക്കാൻ നമ്മൾ ഒരുങ്ങിയാൽ നമ്മൾ പുതിയതിനു വേണ്ടിയാണോ പഴയതിനു വേണ്ടിയാണോ നിലകൊള്ളുന്നത്? പക്ഷെ ഇത് രണ്ടുമില്ലാത്ത ഒരവസ്ഥ എന്നത് അത്യന്തം നിരാശാപരമായ ഒരു മാനസികനിലയാണ്.
എപ്പോഴെങ്കിലും നമ്മുടെ അസ്തിത്വത്തെ ചോദ്യം ചെയ്യേണ്ടതായി വരുമ്പോൾ നമ്മൾ നമ്മുടെ ബലഹീനതകളിലൂടെ കടന്നുപോകേണ്ടതായി വരും. ഒരു വ്യക്തി എന്ന നിലയിൽ നമ്മൾ എത്ര കണ്ട് പഠിക്കേണ്ടിയിരിക്കുന്നു എന്ന് നമുക്ക് ബോധ്യം വരും. ആ തിരിച്ചറിവ് നമ്മളെ കുത്തിനോവിക്കും.
പുതുമ, പഴമ
പുത്തൻ ലോകത്ത് പഴയതിനെ പുണരുമ്പോൾ നമ്മൾ പഴഞ്ചരായിത്തീരുമോ? മറ്റൊരാളുടെ കണ്ണിൽ നമ്മൾ എന്തായിത്തീരുന്നു എന്നതല്ല, സ്വന്തം മനസ്സിൽ എങ്ങനെ കാണപ്പെടുന്നു എന്നാണ് ചോദ്യം.
ഷിപ്പ് ഓഫ് തീസിസ് എന്ന തത്വചിന്തയാണ് ഓർമ്മ വരുന്നത്. 2013ൽ റിലീസായ അതെ പേരിലുള്ള സിനിമയിലൂടെയാണ് ഈ ആശയം അടുത്തറിയുന്നത്. നിങ്ങൾ ഒരു പഴയ കപ്പലിന്റെ ഉടമയാണ് എന്ന് കരുതുക. നിങ്ങളുടെ പഴയ കപ്പൽ പൊളിച്ചു അതിന്റെ ഭാഗങ്ങൾ മാത്രം ഉപയോഗിച്ച് പുതിയതൊന്ന് നിർമ്മിക്കുകയാണ്. ഈ
കപ്പൽ വാസ്തവത്തിൽ പുതിയതിനെയാണോ, പഴയതിനെയാണോ പ്രതിനിധാനം ചെയ്യുന്നത്? കപ്പൽ പുതിയതെങ്കിലും അതിൽ ഉപയോഗിച്ചിരിക്കുന്ന തടി പഴയതാണ്. എന്നെ മഥിച്ച ഈ ചോദ്യത്തിന് ഞാൻ കൊടുത്ത ഉത്തരം പറയാം. പൂർണ്ണമായി പഴയതായാലും, പുതിയതായാലും നമുക്ക് ചില നഷ്ടങ്ങൾ വരും. ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ എന്ന് പറയുന്നത് പോലെ ചില നഷ്ടങ്ങൾ നമുക്ക് കാലക്രമേണ നഷ്ടങ്ങളല്ലാതായി മാറാം. ഒന്നും എപ്പോഴും ശാശ്വതമായിരിക്കുകയില്ല.
അതുകൊണ്ട്, പഴയതിനെ ഗുണകരമായി ഉപയോഗിച്ച് പുതിയതിനെ ഭംഗിയായി രൂപപ്പെടുത്തുന്നത് നല്ല ആശയമാണ്.
നമുക്ക് ആവശ്യമായതിനെ കൊള്ളാനും, വേണ്ടാത്തവയെ മാറ്റിനിർത്താനും ഇതിലും നല്ല അവസരം വേറെ ഏതുണ്ട്?
ഇപ്പോൾ ഇങ്ങനെയൊരു സംഘർഷാവസ്ഥ അനുഭവപ്പെടാനുള്ള കാരണം ഞാനെടുത്ത ഒരു തീരുമാനമാണ്. അതിന്റെ ശരിതെറ്റുകളെ സംബന്ധിച്ച് വ്യക്തമായി ഒരുത്തരം നൽകാൻ എനിക്കിപ്പോഴും കഴിയുന്നില്ല. കാര്യത്തിലേക്ക് കടക്കാം.
സ്വന്തം വീട് എനിക്ക് താമസിക്കാനുള്ള ഇടം എന്നതിലുപരി മറ്റെന്തോ ഒക്കെയാണ്. വീട്ടിൽ ആവശ്യത്തിന് സൗകര്യങ്ങൾ ഇല്ലാതെ വന്നപ്പോഴാണ് പഴയ തറവാട് വീട് പൊളിച്ചു ആ സ്ഥാനത്തു പുതിയതൊന്ന് പണിയാൻ തീരുമാനിച്ചത്. ആ തീരുമാനത്തെ ആദ്യമേ പിന്തുണച്ചയാൾ മറ്റാരുമല്ല. പക്ഷെ കുറെയേറെ വീണ്ടുവിചാരങ്ങൾക്ക് ശേഷമാണ് ആ തീരുമാനം പറഞ്ഞതെന്ന് മാത്രം. എന്നിട്ടും ആ തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ സാധിക്കാതെ വന്നത് എന്തെന്നാൽ
രണ്ട് ഭാഗത്തും നമ്മുടെ ചില ഇഷ്ടങ്ങൾ നിലകൊള്ളുന്നു എന്നതിനാലാണ്.
അൽപ്പം വീട്ടുപുരാണം
പുതിയവീട് എന്നാണ് ഞങ്ങളുടെ വീട്ടുപേര്. നാട്ടിലുള്ളവർ പുളിവീട് എന്ന് വിളിക്കും. വീടിനു പടിഞ്ഞാറായി പണ്ടൊരു പുളിമരം നിൽപ്പുണ്ടായിരുന്നു. പണ്ട്
ഉയരത്തിൽ തലപൊക്കി നിന്ന
ആ മരത്തെ കണ്ണിമ വിടാതെ നോക്കിയിരുന്ന വഴിനടക്കാർ പതിച്ചുകൊടുത്ത പേരാണ് 'പുളിവീട്'. അവർ വിളിച്ചുതുടങ്ങിയ ആ പേര് ഒടുവിൽ ഞങ്ങളുടെ സ്വന്തം വീട്ടുപേരായിത്തീർന്നു. പുളിവീട്ടിലെ രാധക്കുട്ടന്റെ മകൻ എന്നതാണ് എന്റെ ആദ്യ മേൽവിലാസം.
ഞങ്ങളുടെ വീട്ടിൽ ഇപ്പോൾ പുളിമരമില്ല. ആ മരം നിന്നിടത്ത് നിന്ന് അൽപ്പം മാറി ഒരു മാവ് വളരുന്നുണ്ട്. അതിന് അടുത്തായി ഒരു മാങ്കോസ്റ്റിൻ തൈ നട്ടിട്ടുണ്ട്. വീട്ടുപറമ്പിൽ നിറയെ മരങ്ങളും അവിടവിടായി കുറച്ചു
പച്ചക്കറിയുമുണ്ട്.
വീട് പണിയുമ്പോൾ അമ്മ പരിപാലിച്ചുപോന്ന കറിവേപ്പും, എന്റെ പ്രിയപ്പെട്ട സേലൻ മാവും, പ്ലാവുമരവും ചിലപ്പോൾ മുറിച്ചുമാറ്റേണ്ടി വരാം. പഴയ വീട് പൊളിച്ചു പുതിയത് വെയ്ക്കുമ്പോൾ ചിലവും ഏറും. ആദ്യം ഉദ്ദേശിച്ചത് 2011ൽ പണിത ചെറിയ രണ്ടുമുറി വീടിനെ പുതുക്കിപ്പണിയാനാണെങ്കിലും സ്ഥലപരിമിതി ഞങ്ങൾക്ക് ഒരു വിലങ്ങുതടിയായി മാറി.
എന്തിനൊരു പുതിയവീട് പണിയുന്നു എന്ന് മനസ്സിൽ ഒരായിരം ആവർത്തി ചോദിച്ചു. കാലപ്പഴക്കം കൊണ്ട് അൽപ്പം ജീർണ്ണത ബാധിച്ച വീടാണ്. മുൻവശത്തു നിന്ന് നോക്കിയാൽ വ്യക്തമാവില്ലെങ്കിലും, ദ്രവിച്ച കഴുക്കോലുകളും, പൊട്ടിയ ഭിത്തികളും, ഇടിഞ്ഞ തറയും ചൂണ്ടിക്കാട്ടുന്ന വസ്തുതയെ അംഗീകരിക്കാതെ തരമില്ല. വീടിനെ ചെറുതായി മോടി പിടിപ്പിക്കാമെന്ന് ആദ്യം കരുതിയെങ്കിലും അത് ആയുസ്സ് നീട്ടിനൽകുമെന്നല്ലാതെ വീടിന്റെ നാശാവസ്ഥയെ മാറ്റിയെടുക്കാൻ പര്യാപ്തമാവില്ല. അതുകൊണ്ട്,
കളിച്ചു വളർന്ന വീടിനെ നാമാവശേഷമാക്കാൻ കൂട്ട് നിന്നത് പൂർണ്ണമനസ്സോടെയല്ലെങ്കിലും
സമ്മതം മൂളാൻ മറ്റൊരാളുടെ പ്രേരണ അധികം വേണ്ടിവന്നില്ല. പക്ഷെ അപ്പോഴും പിന്തുടർന്ന ആശയക്കുഴപ്പം ഇതെഴുതുമ്പോഴും എനിക്ക് അനുഭവപ്പെടുന്നുണ്ട്. അതിനു കാരണം എന്റേത് ഒരു പഴയ മനസ്സാണ് എന്നതാണോ?
പഴമ
എനിക്ക് പഴയ സാധനങ്ങളോട് വലിയ ഇഷ്ടവും, കൗതുകവും തോന്നാറുണ്ട്. ഞങ്ങളുടെ വീടിനെ പുരാവസ്തു എന്ന് തമാശയ്ക്ക് വിശേഷിപ്പിച്ച ഒരു പഞ്ചായത്ത് അംഗമുണ്ട്. അദ്ദേഹത്തെ തെറ്റ് പറയാൻ സാധിക്കില്ല.
പഴയ വീട്ടിൽ മുൻവശത്തെ അറയുടെ കൊത്തുപണിയായ വള്ളവും, രാമായണത്തിലെ കിളിയുമൊക്കെ അപൂർവ്വസുന്ദരമായ കാഴ്ചകളാണ്. അവ
എനിക്ക് വളരെ പ്രിയപ്പെട്ടവയാണ്. അവയൊക്കെ ഇത്രയും മികച്ച രീതിയിൽ എന്നെങ്കിലും പുനർനിർമ്മിക്കാൻ ഞങ്ങൾക്ക് കഴിയണം എന്നില്ല. പക്ഷെ കാലം ആവശ്യപ്പെടുന്നതെന്തോ അതാണ് ഞങ്ങൾ ചെയ്യുന്നത് എന്ന് ഏറെ ദിവസത്തെ കൂട്ടിക്കിഴിക്കലുകൾക്ക് ശേഷം എനിക്ക് ബോധ്യമായി.
എല്ലാവർക്കും അറിയാം - ഒരു വീട് വീടാവുന്നത് ആ വീട്ടിലെ അംഗങ്ങൾ അവിടെ സന്തോഷപൂർവ്വം വസിക്കുമ്പോഴാണ്. അല്ലറ മിനുക്കുപണികളിൽ ഒതുക്കിയാലും
ഞങ്ങളുടെ തറവാട് വീട് അധികകാലം സുരക്ഷിതമായി നിലനിൽക്കുമെന്ന് ഉറപ്പിക്കാൻ പറ്റില്ല. കാരണം പ്രായക്കൂടുതൽ ആരെയും തളർത്തും എന്നത് ഒഴിവാക്കാനാവാത്ത ഒരു സത്യമാണല്ലോ.
വീട് പൊളിക്കുന്ന കാര്യം ബന്ധുക്കളെ അറിയിച്ചപ്പോൾ എല്ലാവരും പറഞ്ഞത് ഒരേ കാര്യമാണ് - പഴയ വീടിന്റെ കുറെ ചിത്രങ്ങൾ അയച്ചുകൊടുക്കണം. പുതിയ തലമുറയെ ആ വീട് പരിചയപ്പെടുത്തുന്നതിനും, ഓർമ്മകളിലേക്ക് സ്വയമൊന്ന് മുങ്ങിനീന്താനുമാവണം അവർ ആ ചിത്രങ്ങൾ ചോദിച്ചത്.
പുതിയവീട്
എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനം ഉണ്ടാകുമെന്നത് ലോകയാഥാർഥ്യമാണ്. ഈ വീടിന്റെ 'അന്തകൻ' എന്ന വിശേഷണത്തിനു ഞാൻ അനുയോജ്യനാണ്. പക്ഷെ ഈ തീരുമാനം
ഓർമ്മകൾ തകർക്കുന്നതിനോ, സുഖസൗകര്യങ്ങളിൽ മദിക്കാനോ വേണ്ടിയല്ല എടുത്തത്. നാളെയെ വരവേൽക്കാനും, ഇന്നിന്റെ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്തതു കൊണ്ടുമാണ്.
പുതിയ കെട്ടിടത്തിന് പഴയതിന്റെ മുഖഛായ കിട്ടുമോ? പൂർണ്ണമായി ഇല്ല എന്നത് യാഥാർഥ്യമാണ്. എങ്കിലും പഴയതിന്റെ ഓർമ്മകൾ നിലനിൽക്കും
വിധം മുന്നോട്ട്നീങ്ങാനാണ് പരിശ്രമിക്കുന്നത്. അത് മറ്റാരെയും തൃപ്തിപ്പെടുത്താൻ വേണ്ടിയല്ല, സ്വന്തം മനസ്സ് ആഗ്രഹിക്കുന്നതും അതാണ്.
പഴയവീട്ടിലെ ശാന്തത, പ്രസന്നത, സന്തോഷം പുതിയവീട്ടിലും നിറയുമോ? ഒരു വീട് എങ്ങനെയായിത്തീരണം എന്നതിന് ആ വീട്ടിൽ താമസിക്കുന്നവർക്ക് ഒരു വലിയ പങ്കുണ്ട്. ഞങ്ങൾക്ക് ഞങ്ങളുടെ വീടിനെ ശാന്തസുന്ദരമാക്കി നിർത്താനാണ് താൽപ്പര്യം.
പുതിയവീട് എന്ന കെട്ടിടം ഒരോർമ്മയായി മാറിയേക്കാം. ചില പ്രിയപ്പെട്ടവരുടെ മനസ്സിൽ അല്പമൊരു വില്ലൻ പരിവേഷം നേടിയെടുക്കാൻ ഞങ്ങളുടെ
തീരുമാനം കാരണമായേക്കാം.
ഞങ്ങളുടെ തീരുമാനം തുടച്ചുകളയുന്നത് ഒരു ചരിത്രത്തെ ആണല്ലോ.
പക്ഷെ ഒരു കാര്യം തീർച്ചയാണ്. തിരിഞ്ഞുനോക്കാതിരിക്കുന്നതിലും നല്ലത് പൊളിച്ചുപണിയുന്നതാണ്.
പുതിയ ചിന്തകളും, പഴയ നന്മകളും ഇടകലർത്തി പുതിയ വീട്ടിൽ പ്രവേശിക്കാൻ കഴിയുമോയെന്ന് കാലം കാട്ടിത്തരട്ടെ. എന്റെ ഓർമ്മകളിൽ പുതിയവീടിന് എപ്പോഴും നിത്യയൗവനമാണ്. ചാരുകസേരയിൽ ഇരുന്ന് വിശേഷങ്ങൾ പറയുന്ന അപ്പൂപ്പനും, ചുവർച്ചിത്രകാരനായ മുതുമുത്തശ്ശനും, അകാലമരണം പൂണ്ട ശ്രീമണിപ്പേരപ്പനും അവിടെ ഒരു കോണിലായി ജീവിക്കും. സ്വന്തം വീടിനെ മനസ്സിൽ നിന്ന് പൊളിച്ചുമാറ്റേണ്ട കാര്യം വരുന്നില്ലല്ലോ! പഴയ വീട് നിന്നിടത്തു പുതിയ ജീവിതം കെട്ടിപ്പടുക്കുമ്പോൾ പഴയ സന്തോഷം തിരിച്ചുകിട്ടുമോ എന്നറിയാൻ ഒരു കൗതുകമുണ്ട്. കാത്തിരിക്കാം!
പഴമയിലും പുതുപുത്തൻ മാറ്റങ്ങൾക്കാണ് ഊന്നൽ കൊടുക്കേണ്ടത് ...
ReplyDelete