തിരിച്ചറിയാതെ പോകുന്നത്...
ബഹിർമുഖത (Extrovert) അലങ്കാരമായി വാഴ്ത്തുന്ന ഭൂമിയിൽ മനോവിഷമം അടക്കിപ്പിടിച്ച് രാവുകളും പകലുകളും തള്ളിനീക്കുന്ന അനേകരുണ്ട്. പറമ്പിൽ ആരുടെയും കണ്ണിൽപ്പെടാതെ നിൽക്കുന്ന തുമ്പച്ചെടിയെ പോലെയാണ് തിരിച്ചറിയപ്പെടാതെ പോകുന്നവരുടെ ജീവിതദുഃഖം. തുമ്പപ്പൂവിന്റെ നിർമ്മലമായ ഭംഗി ശ്രദ്ധിക്കാതെ, അതിന്റെ സാന്നിധ്യം തിരിച്ചറിയാതെ നമ്മൾ പായുന്നു. നമ്മളിൽ ചിലരുടെ മനസ്സുകൾ തുമ്പപ്പൂ പോലെ ശുദ്ധമെങ്കിലും അവയെ വിലവെയ്ക്കാൻ ആൾകാരില്ലാതായാൽ നമ്മളെ പരാജയബോധം പിടികൂടാം.
തിരിച്ചറിയപ്പെടാതെ പോകുന്നവർ പലവിധമാണ് -- നല്ല രീതിയിൽ ജോലി ചെയ്തിട്ടും അവഗണന നേരിടുന്നവർ, ആവശ്യം നേടാൻ ആളുകൾ മുതലെടുക്കുന്നവർ, സ്വന്തം കഴിവുകൾ പുറംവേദികളിൽ പ്രദർശിപ്പിക്കാതെ ഒതുങ്ങിക്കൂടുന്നവർ, സ്വന്തം മനസ്സിനെ പ്രദർശനവസ്തുവാക്കാതെ തടഞ്ഞുനിർത്തുന്നവർ, സത്യസന്ധമായി ജീവിതത്തെ സമീപിക്കുന്നവർ -- അവഗണനയുടെ വേദന നന്നായി അറിയുന്നവരാണ് ഇവരെല്ലാവരും. ആളുകൾക്കിടയിൽ ഒഴുകിനടക്കുന്നവരെ ശ്രദ്ധിക്കാനാണല്ലോ നമുക്കെല്ലാം സമയം. അല്ലാതെയുള്ളവർ പറയുന്ന കാര്യങ്ങൾ പരാതിയെന്നപോലെ സമീപിക്കാനാണ് പൊതുസമൂഹം തയ്യാറാവാറുള്ളത്. ഇത് മനസ്സുകളെ കുത്തിനോവിക്കുന്ന വേദനയാണ്.
ഇതിലൊന്നും വേദനിക്കേണ്ട കാര്യമില്ലെന്ന് പറയുമ്പോഴും ഉള്ളിലെവിടെയോ അൽപ്പം നിരാശ ഉണ്ടാകാതെ പോവുന്നില്ല. കാര്യങ്ങളെ തുറന്നമനസ്സോടെ കാണണമെന്ന് വിചാരിക്കുമ്പോഴും നമ്മുടെ ലോകം വല്ലാതെ അടഞ്ഞുപോകുന്നല്ലോയെന്നോർത്ത് നമ്മൾ പരിതപിക്കുന്നു.
'മറ്റാളുകൾ ചിന്തിക്കുന്നതോ കൽപ്പിക്കുന്നതോ ആയ വ്യക്തിത്വമാണ് നമ്മൾ എന്ന തോന്നൽ നമുക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ഒരു സമൂഹം...അവിടെ താൻ എന്തിന് കൊള്ളാം,' എന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം ചിന്തിക്കുന്ന നമ്മൾ! നമ്മുടെ കുറവുകൾ മറ്റുള്ളവർ പരാമർശിക്കുന്ന ഓരോ നിമിഷവും നമ്മുടെയുള്ളിൽ പ്രകമ്പനം കൊള്ളുന്ന അസ്വസ്ഥത... ഈ ഭൂമിയിൽ ഞാനാരുമല്ല, എനിക്ക് ഒന്നിനും വകയില്ല, പാഴായ ജന്മം എന്നൊക്കെ മനസ്സാലെ കുറ്റപ്പെടുത്തുന്ന നമ്മുടെ മനോഭാവം --ഇതെല്ലാം മാറാനുള്ള സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നു.
ചിലയാളുകൾക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ വലിയ കാര്യമാണെന്ന് തോന്നുകയില്ല.പക്ഷെ മറ്റുള്ളവർ എന്ത് കരുതിയാലും നമുക്ക് നമ്മുടെ പ്രശ്നങ്ങൾ വലുത് തന്നെയാണ്. കളിപ്പാട്ടം നഷ്ടമായ കുട്ടിയും രാജ്യം നഷ്ടപ്പെട്ട രാജാവും അനുഭവിക്കുന്ന ദുഃഖം ഒന്ന് തന്നെയെന്ന് നമ്മളെല്ലാം ചെറിയ പ്രായത്തിൽ പഠിച്ചിട്ടുണ്ട്.
മറ്റുള്ളവരുടെ തോന്നലുകളെ മറികടന്ന് ധീരതയോടെ മുന്നോട്ട് പോകാമെന്ന് എപ്പോഴും പറയുമെങ്കിലും കാര്യത്തോട് അടുക്കുന്ന വേളയിൽ നമ്മൾ പതറിപ്പോവുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പലരുടെ വാക്കുകളെ ആവശ്യത്തിലും കൂടുതൽ കേൾക്കുന്നത് നമ്മുടെ പല ചിന്തകളെയും മാറ്റിമറിക്കുന്നു. നമ്മൾ നമുക്ക് വേണ്ടിയല്ലാതെ തീരുമാനങ്ങൾ എടുത്തുതുടങ്ങുമ്പോഴാണ് മനസ്സ് കടിഞ്ഞാൺ തെറ്റിയ കുതിരയെപ്പോലെ പരക്കം പായുന്നത്. നമുക്ക് പോലും പിടികിട്ടാത്ത ഒരാളായി നമ്മൾ മാറുമ്പോൾ നമുക്ക് നമ്മുടെ യഥാർത്ഥ വ്യക്തിത്വം നഷ്ടമാവും. നമ്മുടെ ഇഷ്ടങ്ങൾ, താൽപ്പര്യങ്ങൾ ഒക്കെയും പലർക്കായി മാറ്റിക്കളഞ്ഞു അവസാനം നമ്മുടെ സ്വന്തമായതെല്ലാം കൈയ്യിൽ നിന്ന് പോകുന്നു. നമ്മുടെയുള്ളിലെ നമ്മളോട് പരിചയഭാവം കാട്ടാതെയാണല്ലോ നമ്മൾ പല എടുത്തുചാട്ടങ്ങൾക്കും മുതിരുന്നത്.
മറ്റുള്ളവർ പതിച്ചുതരുന്ന വ്യക്തിത്വത്തിൽ ജീവിക്കപ്പെടുമ്പോഴാണ് നമ്മുടെ പ്രശ്നങ്ങൾ സങ്കീർണ്ണമായി മാറുന്നത്. സമൂഹത്തിന്റെ കല്പിതഘടനയിൽ നിന്ന് മാറിനടക്കാൻ നമുക്ക് കഴിവില്ല എന്ന ധാരണ നമ്മുടെ കരുത്ത് മുഴുവൻ ചോർത്തിക്കളയുന്നു. മറ്റുള്ളയാളുകളെ മനസ്സിലാക്കാൻ പാഴാക്കുന്ന സമയത്തിന്റെ ഒരംശം എങ്കിലും നമ്മുടെ സ്വന്തം ജീവിതചിന്തകളെ പഠിക്കാൻ നമ്മൾ മെനക്കേടാറില്ല. ഒരൽപ്പം ചിന്തിച്ചുതുടങ്ങുമ്പോൾ തന്നെയും ചിന്ത കൂടുന്നത് അപകടമാണ് എന്നും പറഞ്ഞുകൊണ്ട് മനസ്സിനെ പൂട്ടിയിടുന്നു.
അങ്ങനെ മനസ്സിലെ പ്രശ്നങ്ങൾ കുമിഞ്ഞുകൂടി നമ്മൾ മറ്റൊരാളായി മാറിപ്പോയല്ലോയെന്ന് നമുക്ക് തോന്നിപ്പോവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുന്നു. കടുത്ത വ്യക്തിത്വ പ്രതിസന്ധി ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് മേൽപ്പറഞ്ഞത്.
ഇത്തരം വെല്ലുവിളികൾക്ക് പൊതുവായ ഉത്തരങ്ങൾ നൽകുന്നത് തെറ്റിദ്ധാരണ പരത്താൻ ഇടയുണ്ട്. എന്തെന്നാൽ ഓരോ മനുഷ്യനും വേറൊരാളിൽ നിന്ന് വ്യത്യസ്തമായാണ് ചിന്തിക്കുന്നത്. അവരുടെ ആളുകളോടും ജീവിതത്തോടുമുള്ള സമീപനം, പ്രശ്നങ്ങളെ നോക്കിക്കാണുന്ന വിധം-- എന്നിങ്ങനെ പല ഘടകങ്ങൾ മനസ്സിലാക്കിയാലാണ് തൃപ്തികരമായ ഉത്തരത്തിന്റെ വഴിയിൽ എത്തുക. അതുവരെ ക്ഷമയോടെയിരിക്കാൻ കഴിയുന്നത് നമ്മുടെ ചിന്തകളെ കൂട്ടിയോജിപ്പിക്കാൻ നമ്മളെ സഹായിക്കും. ഈ ലോകത്ത് എല്ലാവരും ഒറ്റയാണ്. ഒറ്റപ്പെട്ട ആളുകൾ എങ്കിലും നമുക്കുള്ള പൊതുസ്വഭാവങ്ങൾ, പൊതുവായ ആവശ്യങ്ങൾ എന്നിവ മൂലമാണ് നമ്മൾ ഒന്നിച്ചുനിൽക്കുന്നത്. സ്നേഹവും കരുതലും കാര്യം കാണുന്നതിനുള്ള ഉപാധികൾ മാത്രമായി ചുരുങ്ങുന്നതിനാൽ 'കപടലോകത്ത് ആത്മാർത്ഥ ഹൃദയവുമായി ജീവിച്ചാൽ' പരാജയഭീഷണി നേരിടാം.
അതൊഴിവാക്കാൻ എന്ത് ചെയ്യണമെന്ന് വേറൊരാൾ പറഞ്ഞല്ല നമ്മൾ അറിയേണ്ടത്. മറ്റെല്ലാം വായിച്ചാലും സ്വന്തം മനസ്സിനെ വായിക്കാതെ പോയാൽ പ്രതിസന്ധിയിൽ അകപ്പെടുമെന്നാണ് അനുഭവപാഠം. വേറൊരാൾ പതിച്ചുനൽകുന്ന വിശേഷണങ്ങളിൽ ഒതുങ്ങാതെ മുന്നോട്ട്പോയാൽ നമുക്ക് ഒരറ്റം കാണാനാവുമെന്ന് ചരിത്രം പറയുന്നു.
Comments
Post a Comment