സ്ത്രീധനം എന്നാൽ സ്ത്രീപീഡനം

 ഓരോ സ്ത്രീധന പീഡന വാർത്ത വായിക്കുമ്പോഴും മനസ്സിൽ ആദ്യമെത്തുന്ന മുഖങ്ങൾ വിവാഹ മണ്ഡപത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന വധുവിന്റെയും കല്യാണം ഭംഗിയായി നടത്താൻ പാടുപെട്ടുകാണുന്ന കുടുംബത്തിന്റെയുമാണ്. എത്ര പ്രതീക്ഷയോടെയാകാം അവർ ജീവിതത്തിലെ 'നിർണ്ണായകമായ'  മാറ്റത്തെ കണ്ടുകാണുക. പുതിയ ജീവിതത്തിലേക്ക് പ്രതീക്ഷയോടെ കാൽ നീട്ടുന്ന പല യുവതികളും നേരിടേണ്ടിവരുന്നത് സമാനതകളില്ലാത്ത പീഡനമാണ്. എന്നാലും എന്തും വരട്ടെയെന്ന് ചിന്തിച്ച് ജീവിതം തള്ളിനീക്കാനാണ് ഭൂരിഭാഗം പേരും ശ്രമിക്കുക. അവരിൽ ചിലരാകട്ടെ,  ഇടവഴിയിൽ പ്രതീക്ഷയറ്റ് ജീവിതം അവസാനിപ്പിക്കുന്നു. 



നമ്മൾ എവിടെയാണ് പരാജയപ്പെടുന്നത്? സ്ത്രീ സമത്വം എന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പറയുന്നതല്ലാതെ ജീവിതത്തിൽ അത്തരം മാറ്റങ്ങൾ കൊണ്ടുവരാൻ വിമുഖത പുലർത്തുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ച പെണ്ണുകാണലും ജാതകവും ശുഭമുഹൂർത്തനിർണ്ണയവും സുദീർഘമായ ചർച്ചയും തിരശീലയിൽ വിരിയുന്ന കെട്ടുകാഴ്‌ചകളും ചേർന്നതാണ് നമ്മുടെ 'ഏർപ്പാട് കല്യാണങ്ങൾ' (Arranged marriage). ഏത് മതത്തിന്റെ കാര്യമായാലും അവസ്ഥ ഏതാണ്ട് സമാനമെന്ന് പറയാം.   

ഉദാഹരണത്തിന് നമ്മുടെ കല്യാണ ആചാരങ്ങൾ സ്ത്രീയെ കാഴ്ചവസ്തുവായി അടയാളപ്പെടുത്തുന്നതുപോലെയാണ് അവതരിപ്പിക്കുന്നത്. പെണ്ണുകാണലിന് ചായപ്പാത്രവുമായി വരുന്നത് മുതൽ കല്യാണമണ്ഡപത്തിൽ ആഭരണവിഭൂഷിതയായി എത്തുന്നത് വരെയുള്ള കാഴ്‌ചകൾ ഇതാണ് വ്യക്തമാക്കുന്നത്. കല്യാണം സംബന്ധിച്ച കാര്യങ്ങളിൽ സ്ത്രീകൾക്ക് തീരുമാനമെടുക്കാൻ പോലും അനുവാദം നൽകാത്ത നിലയിൽ മതങ്ങളും ചിലപ്പോൾ  കുടുംബങ്ങളും പ്രവർത്തിക്കുന്നു.  


വിവാഹച്ചടങ്ങുകളിലെ പങ്കാളിത്തം ഒഴിച്ചാൽ കല്യാണ-കുടുംബജീവിതസംബന്ധിയായ വിഷയങ്ങളിൽ  സ്ത്രീ പരിഗണിക്കപ്പെടുന്നേയില്ല. കല്യാണത്തിന് മുൻപ് വരന്റെ വീട് കാണാൻ പോവാൻ  കല്യാണവധുവിന് ഇനിയും അവകാശം ലഭിച്ചിട്ടില്ല. എന്നാൽ കല്യാണപ്പയ്യനും കുടുംബത്തിനും പെൺവീട് കാണുന്നതിനും അവരുടെ കുടുംബസ്ഥിതി ബോധ്യപ്പെടുന്നതിനും അവസരമുണ്ട്. അതൊരുക്കുന്നത് അവരുടെ ആചാരവും നാട്ടുമുറകളും ചേർന്നാണ്. ജീവിതത്തിന്റെ വലിയൊരു ഭാഗം കഴിയാനായി പോകുന്ന വീട് കാണാനും പരിസരം മനസ്സിലാക്കാനും സ്ത്രീകൾക്ക് അവസരം ലഭിക്കേണ്ടതാണ്. എന്നാൽ അത്യപൂർവ്വമായി സന്ദർശിക്കുന്ന വധൂഗൃഹത്തിൽ പുരുഷന് പോവാൻ തടസ്സമില്ല. ഇത് വിവേചനമല്ലെങ്കിൽ മറ്റെന്താണ്?   



സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവരാണ് എന്ന പൊതുബോധ്യം ഊട്ടിയുറപ്പിക്കുന്ന കാഴ്‌ചാവേദിയാണ് നമ്മുടെ വിവാഹങ്ങൾ. കല്യാണദിനത്തിൽ പുരുഷൻ  താലികെട്ടി സ്ത്രീയെ വിവാഹം ചെയ്യുന്നു. എന്നാൽ തിരിച്ചൊരു ചരട് പുരുഷന് ചാർത്തി അയാളെ 'ധർമ്മപതിയായി' വാഴ്ത്താൻ സ്ത്രീകൾക്ക് അവകാശമില്ല. കല്യാണത്തിന് ശേഷം ഉണ്ടാവുന്ന പ്രശ്‌നങ്ങൾക്ക് ഉത്തരം കൊടുക്കേണ്ട ബാധ്യത ഇത്തരം ചടങ്ങുകൾക്കും അവ മുന്നോട്ട് വെയ്ക്കുന്ന ആശയപ്രമാണങ്ങൾക്കുമുണ്ട്. കല്യാണ ആചാരങ്ങളിൽ പുരുഷ-സ്ത്രീ പങ്കാളിത്തം കേവലം കാഴ്ച്ചയിൽ മാത്രമാവാതിരിക്കാനുള്ള ഉത്തരവാദിത്തം താലി ചാർത്തുന്ന പുരുഷനും സ്ത്രീക്കും കുടുംബങ്ങൾക്കും കൂടെയുള്ളതാണ്. 


ഏർപ്പാട് കല്യാണങ്ങൾ

കല്യാണം കഴിച്ചയ്ക്കുന്ന സ്ത്രീയുടെ ജീവിതസുരക്ഷയ്ക്ക് 'ഏർപ്പാട് കല്യാണങ്ങൾ' ഉത്തമമാണെന്നത് വിചിത്രമായ നുണയാണ്. ഏത് കല്യാണത്തിനുമെന്നപോലെ ചേരാനും ചേരാതിരിക്കാനും സാധ്യതയുള്ള ഒരു കല്യാണരീതി മാത്രമാണ് ഏർപ്പാട് വിവാഹം. പുരുഷനും സ്ത്രീയും എങ്ങനെ പരസ്‌പരം ഇടപെടുന്നു എന്നതാണ് കല്യാണത്തിന്റെ നീളം നിർണ്ണയിക്കേണ്ടത്. അല്ലാതെ, താലിച്ചരടിൽ ജീവിതം ഹോമിക്കേണ്ട ദുർഗതി സ്ത്രീകൾക്ക് പതിച്ചുനൽകേണ്ട കാര്യമില്ല. പക്ഷെ പുരുഷൻ മുഖ്യസംരക്ഷകനും സ്ത്രീ അടിമയുമാണെന്ന പഴയകാല പൊതുബോധം ഊട്ടിയുറപ്പിക്കുന്ന ദൃശ്യമാണ് പുരുഷൻ നീട്ടുന്ന താലിച്ചരടിനോട് കഴുത്ത് നീട്ടൂന്ന യുവതിയുടേത്. സമൂഹത്തിൽ പുരുഷന്റെ നിയന്ത്രണരേഖയിൽ നിൽക്കേണ്ടവളാണ് സ്ത്രീയെന്ന് അടിവരയിടുന്ന അനേകായിരം ആചാരങ്ങളിൽ ഒന്നാണ് താലികെട്ട്. നമ്മുടെ താലി കെട്ടലിൽ പോലുമുണ്ട് രാഷ്ട്രീയത്തിന്റെ നിറം. 


ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ദിനത്തിന്റെ ശോഭ അപ്പാടെ കെടുത്തുന്ന വിധത്തിലാണ് നമ്മുടെ  ചില കല്യാണച്ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ചെറുതാണ് സുന്ദരം എന്ന ലോകയാഥാർഥ്യത്തെ നമുക്കിനിയും  മനസ്സിലായിട്ടില്ല. കല്യാണ സാരിയുടെ നിറവും സാമ്പാറിന്റെ മണവും ക്യാമറയും ഫോട്ടോയും കുടുംബമഹിമയും ജാതിമാഹാത്മ്യവും വീമ്പുപറച്ചിലും മദ്യപാനവുമാണ് നമുക്ക് വേണ്ടത്. അത്തരം കല്യാണക്കൂട്ടായ്മകളിൽ നമ്മൾ കാണുന്ന സന്തോഷത്തിന് അൽപ്പായുസ്സാണ് എന്നതാണ് ഇപ്പോൾ കണ്ടുവരുന്ന യാഥാർഥ്യം. കല്യാണം എങ്ങനെ നടത്തുന്നുവെന്നതിലുപരി അവർ കല്യാണം കഴിച്ചാൽ എങ്ങനെ നടക്കും എന്ന സമീപനം നമ്മൾ പുലർത്താതിരിക്കുന്നതാണ് പല പ്രശ്നങ്ങൾക്കും വഴി തെളിയിക്കുന്നത്.

കല്യാണവധുവിനെയും കുടുംബത്തെയും കബളിപ്പിക്കുന്ന ചില സൂത്രശാലികളായ വരന്മാർ കുടുങ്ങുമ്പോഴാണ് വിവാഹവ്യവസായത്തിന്റെ മാറ്റത്തെക്കുറിച്ച് നമ്മൾ ചിന്തിച്ചുതുടങ്ങുക. സ്ത്രീയും പുരുഷനും അടുത്തിടപെടാനും പരസ്‌പരമറിയാനും സമയം നൽകിയിട്ട് മതി കല്യാണമെന്ന് തീരുമാനിക്കാൻ ഇനിയും വൈകരുത്.     


കല്യാണം കഴിഞ്ഞാൽ 

പെണ്ണിന്  നിങ്ങൾ എന്തുകൊടുക്കും എന്ന ചോദ്യം മുൻപത്തെയത്ര സജീവമല്ലെങ്കിലും 'കല്യാണ ഉപഹാരങ്ങളായും' സ്വർണ്ണമായും സ്ഥലമായും പണമായും സ്ത്രീധന കൊടുക്കൽവാങ്ങലുകൾ ഇപ്പോഴും തുടരുന്നു. സർക്കാർ ജോലിയുള്ള പയ്യന്റെ വിപണിവില എന്താണെന്ന് വിസ്‌മയയുടെ മരണത്തിന് ശേഷം പുറത്തുവന്നതാണ്. എന്തുകൊണ്ടാണ് കല്യാണം കഴിച്ചുകൊണ്ടുവരുന്ന സ്ത്രീയുടെ സ്വത്തുവകകൾ കൈകാര്യം ചെയ്യാൻ നമുക്ക് അർഹതക്കുറവോ മടിയോ ജാള്യതയോ തോന്നാതെപോവുന്നത്? നമ്മൾ ജീവിച്ച മനോഭാവത്തിന്റെ ചില പ്രശ്നങ്ങൾ ഇവിടെ പറയാതെവയ്യ. നവവധു അൽപ്പം സമ്പത്തും കൊണ്ടാവണം പുതിയ വീട്ടിലേക്ക് കടന്നുവരേണ്ടത് എന്നതാണ് നമ്മുടെ നാട്ടുനടപ്പ്. അതിനെ കുടുംബത്തിന്റെ അഭിമാനവുമായി ബന്ധപ്പെടുത്തുന്നവരുടെ എണ്ണം ചെറുതൊന്നുമല്ല. സ്ത്രീധനം വേണ്ടാത്ത വിവാഹങ്ങൾ സമൂഹത്തിൽ ഇപ്പോഴും മുഖ്യധാരയിൽ ഇടം പിടിച്ചിട്ടില്ല.  സ്ത്രീധനം പയ്യൻവീട്ടുകാരുടെ അവകാശം പോലെയാണെന്നോ അല്ലെങ്കിൽ പുതുജീവിതം തുടങ്ങാൻ പോവുന്നവർക്ക് നൽകേണ്ട കടം പോലെയാണെന്നോ കണക്കുകൂട്ടുന്ന പെൺവീട്ടുകാർ അതിൽ നിന്ന് പിന്തിരിയണം. 

നമ്മുടെ വീട്ടിലെ സാമ്പത്തികപ്രശ്നങ്ങൾ എങ്ങനെ കല്യാണം കഴിച്ചുപരിഹരിക്കാമെന്ന് കരുതുന്നവരുടെ നാടായി കേരളം മാറുന്നു. ചുരുങ്ങിയപക്ഷം സ്ത്രീധനം ചോദിക്കാതിരിക്കാനുള്ള മാന്യതയെങ്കിലും ഇനിയുള്ള കാലത്ത് പയ്യൻവീട്ടുകാർ പുലർത്തണം. കല്യാണം എങ്ങനെ നടത്തണമെന്നത് ഓരോരുത്തരുടെയും കുടുംബകാര്യമാണെങ്കിലും അവ സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളോട് കണ്ണുതിരിച്ചുനിൽക്കുന്നത് നന്നല്ല.  വീട്ടിലെ കല്യാണത്തിന് ലോണെടുക്കുന്നതും എടുക്കാതിരിക്കുന്നതും വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങൾ തന്നെയാണ്. എങ്കിലും കല്യാണത്തിന് ശേഷം ഇവ  തിരിച്ചടയ്ക്കാനുള്ളതാണെന്ന വീണ്ടുവിചാരം ഒരിക്കലും നഷ്‌ടപ്പെടരുത്.     

ആചാരരീതികളും സമൂഹവും കുടുംബങ്ങളും നൽകുന്ന അധികാര മനോഭാവം പുരുഷനിൽ പ്രവർത്തിച്ചുതുടങ്ങുന്നതായാണ് പല കല്യാണങ്ങൾക്ക് ശേഷവും നമ്മൾ കാണുന്നത്. അങ്ങനെയുള്ള  'കുല'പുരുഷന്മാർക്ക് സ്ത്രീകൾ അനാവശ്യമായി വിധേയപ്പെടുന്നത് ജീവിതകാലം ഒരടിമയെപ്പോലെ കഴിയാനും നമ്മുടെ ഇഷ്ടങ്ങൾ പണയം വെയ്ക്കാനും വഴിതെളിക്കും. ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങളോട് സമരസപ്പെടുമ്പോളല്ല സ്വന്തം വ്യക്തിത്വത്തോട് നീതിപുലർത്തുമ്പോഴാണ് ജീവിതത്തിൽ നമ്മൾ വളരുന്നത്. അതിന് പിരിയേണ്ടിവന്നാൽ അത് ചെയ്യാതെ മടികാട്ടുന്നത് നമ്മുടെ ജീവിതത്തിന്റെ നിറം കെടുത്തുകയാണ് ചെയ്യുന്നത്. 



നിർഭാഗ്യവശാൽ  വിവാഹമോചനത്തെ ഒരു സാധാരണ സംഭവമായി ഉൾക്കൊള്ളാൻ തക്കതായ വളർച്ച നമ്മൾ ജീവിക്കുന്ന സമൂഹത്തിന് ഇന്നും ഉണ്ടായിട്ടില്ല. നമ്മൾ സൃഷ്ടിച്ച ഉത്തമായ ഭാര്യ, നാട്ടുകാരുടെ സംസാരം എന്നീ പ്രശ്‌നങ്ങളിൽ കുടുങ്ങി നട്ടം തിരിയുകയാണ് നമ്മുടെ നാട്ടിലെ സ്ത്രീകൾ.  പൊതുജനസമ്മർദത്താൽ ഭാര്യയെ ഉപേക്ഷിച്ച ശ്രീരാമചന്ദ്രൻ പുലർത്തിയ വേദനാകരമായ നിസ്സംഗതാമനോഭാവം അതേപടി പിന്തുടരുന്ന പുരുഷകേസരികളാണ് കേരളത്തിന്റെ തീരാശാപം. സ്ത്രീകളെ ആക്രമിക്കുന്നവരോ അവരുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുന്നവരോ ആണ് നമ്മുടെ സംസ്ഥാനത്തിലെ ഭൂരിഭാഗം ഭർത്താക്കന്മാർ. പൊതുജീവിതത്തിൽ പുലർത്തുന്ന മാന്യതയും മര്യാദയും സ്വന്തം ജീവിതം വരുമ്പോൾ പലരും മറന്നുകളയുന്നു. അതുകൊണ്ടെല്ലാമാണ്  ഗാർഹികപീഡനകേസുകളിൽ രാജ്യത്ത് ഒന്നാമത് കേരളം നിൽക്കുന്നത്. 

2021ലെ സ്ത്രീ 

വിദ്യാഭ്യാസം, തൊഴിൽ, സ്വയംപര്യാപ്‌തത എന്നിങ്ങനെയുള്ള കാര്യങ്ങളിൽ  ആരുടേയും 'കീഴിൽ' ഒതുങ്ങിക്കഴിയേണ്ട ആവശ്യം എല്ലാവർക്കുമൊന്നുമില്ല. പക്ഷെ പൊളിച്ചെഴുതപ്പെടേണ്ട ചില മൂല്യബോധങ്ങളുടെ തടവറയിലാണ് പല സ്ത്രീകളും ഇന്നും ജീവിക്കുന്നത്. നമ്മുടെ എല്ലാ ഇഷ്ടാനിഷ്ടങ്ങളും മറ്റൊരാൾക്ക് പണയം വെയ്ക്കുന്നതും ജീവിതത്തിന്റെ നിയന്ത്രണം പൂർണ്ണമായി മറ്റൊരാളെ ഏൽപ്പിക്കുന്നതും നമുക്ക് ദോഷമേ ചെയ്യൂ. അതിന് നിര്ബന്ധിക്കുകയെന്നത് പുരുഷന്റെ സഹജമായ മനോഭാവമാണ്. അത് തെറ്റുമാണ്. എന്നാൽ അതിനോട് മാറിനിൽക്കാൻ സ്ത്രീകൾ പഠിക്കുക തന്നെ വേണം. ഈ തലമുറയ്ക്ക് കഴിഞ്ഞില്ലെങ്കിൽ അടുത്ത കൂട്ടരെങ്കിലും തല താഴ്ത്തി നിൽക്കാതെ ജീവിക്കണം. പഠിക്കാനും സാമൂഹികഅവബോധം വളർത്താനും ജോലി നേടാനും സ്വന്തം കാലിൽ നിൽക്കാനും മറന്നുപോവരുത്.      

വിസ്മയയുടെ മരണം പോലുള്ള സംഭവങ്ങൾ നിരന്തരം ആവർത്തിക്കുന്നത് ചില ശുദ്ധികലശങ്ങൾ ഉണ്ടാവേണ്ടതിന്റെ അനിവാര്യതയെ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ സ്വപ്നങ്ങൾ വ്യക്തിക്കും കുടുംബത്തിനും വേണ്ടി അടിയറവു പറയേണ്ടതല്ല. രണ്ട് കുടുംബങ്ങളെ ഇഴ ചേർത്ത് നിർത്താനോ പുരുഷനെ നേർവഴിയിൽ നയിക്കാനോ വേണ്ടിയല്ല നമ്മൾ കല്യാണം കഴിക്കേണ്ടത്. ജീവിതത്തിൽ തുണ ആവശ്യമെങ്കിൽ മാത്രം കല്യാണം, അല്ലെങ്കിൽ ഒറ്റയ്ക്കുള്ള ജീവിതം എന്ന തീരുമാനത്തിലേക്ക് നമ്മളെ എത്തിക്കാൻ സാമ്പത്തിക സ്വാതന്ത്ര്യവും വിദ്യാഭ്യാസവും ഉപകരിച്ചേക്കും. അപ്പോഴും ഒരുചോദ്യം ബാക്കിനിൽക്കുന്നു. വിസ്‌മയയെപ്പോലെ കല്യാണശേഷം ഗാർഹികപീഡനസംഭവങ്ങൾ ഉണ്ടായാൽ  എന്തുചെയ്യും? നിങ്ങളൊരു സുഹൃത്തോ സഹോദരനോ പിതാവോ അമ്മയോ സഹോദരിയോ ആണെങ്കിൽ അവരെ അവിടെ നരകിക്കാൻ അനുവദിക്കാതെ വീടുകളിൽ തിരിച്ചുകൊണ്ടുവരണം. അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഒപ്പമുണ്ടാവണം. അവരുടെ തീരുമാനങ്ങൾ ക്ഷമാപൂർവ്വം കേട്ട് അതിലെ വരുംവരായ്കകൾ വിവരിച്ച്കൊടുക്കണം. ആവശ്യമെങ്കിൽ വനിതാ കമ്മീഷന്റെയും പോലീസിന്റെയും  സേവനം ഉപയോഗപ്പെടുത്തണം. ഒരാൾ മാത്രം വിചാരിച്ചാൽ എന്താവുമെന്ന് ചിന്തിച്ചിരുന്നെങ്കിൽ ഈ നാട്ടിൽ പല മാറ്റങ്ങളും കടലാസ്സിൽ മാത്രം ഒതുങ്ങിയേനെ. മാറേണ്ടത് വ്യവസ്ഥിതിയാണെങ്കിൽ മാറ്റം കൊണ്ടുവരേണ്ടത് വ്യക്തികളാണ്.   


 









        

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ