പരാജിതരുടെ പ്രണയം
സെഞ്ച്വറി നേടണമെന്ന് ആഗ്രഹിക്കുന്നത് പോലെ യമണ്ടനായ അതിമോഹമാണ്.ആർക്കും ആരെയും എല്ലാ നിമിഷവും സ്നേഹിക്കാൻ ആവില്ല എന്നത് തീക്ഷ്‌ണമായ യാഥാർഥ്യം ആവുന്നു.
കാലാവസ്ഥ പോലെ മാറിമറിയുന്ന സ്നേഹബന്ധങ്ങളിലെ വാചാലത നിസ്സംഗമായ മൗനത്തിനു വഴിമാറുമ്പോൾ ബന്ധങ്ങൾ ബന്ധനങ്ങളാവുന്നു. മോഹങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളും ചേതനകളും വിസ്‌മൃതിയിൽ ആണ്ടുപോകുന്നു. പല സ്നേഹബന്ധങ്ങളും എങ്ങുമെത്താതെ മാഞ്ഞുപോവുന്നു. ഭൂമിയിൽ ഉടലെടുത്ത പ്രണയബന്ധങ്ങളിൽ ഏറിയ പങ്കും വിജയിച്ചവയല്ല, മറിച്ച് വിസ്‌മൃതിയിൽ ആണ്ടുപോയവയാണ്.
ആദ്യ മാത്രയിൽ ചിരപരിചിതരായി തോന്നിയ രണ്ടു വ്യക്തികൾ -- അവരുടെ മനസ്സ് തുറന്ന സംഭാഷണങ്ങൾ, ഇഷ്ടങ്ങളിലെ സമാനതകൾ, അഭിരുചികളിലെ താൽപ്പര്യങ്ങൾ. പെട്ടെന്നൊരു മാത്ര ഉടലെടുത്ത സ്‌നേഹബന്ധത്തിന്റെ ചിറകേറി ഉല്ലാസവും ആവേശവും ഇടകലർന്ന
ആദ്യനാളുകളിലെ ആനന്ദം കഴിഞ്ഞു സ്നേഹം ആശങ്കയ്ക്ക് വഴി മാറുമ്പോൾ ചെറുതും വലുതുമായ കാര്യങ്ങൾക്ക് തർക്കങ്ങൾ മുള പൊട്ടി അവർക്ക് അവരവരെ മനസ്സിലാവാതെ പോകുന്നു. ഇഷ്ടം അനിഷ്ടത്തിനു വഴിമാറുന്നു.
ബന്ധങ്ങൾ ആടിയുലയുന്നു.
സ്നേഹം താഴേക്ക് വളർന്നു അവസാന ശേഷിപ്പുകൾ ഓർമ്മകളായി ഉറവ പൊട്ടി മനുഷ്യമനസ്സുകളിൽ ശ്വാസം മുട്ടി ജീവിക്കുന്നു. ആരാരുമറിയാതെ, ആരാരും കേൾക്കാതെ ഉള്ളുരുകുന്ന ചില സ്വകാര്യ നിമിഷങ്ങളിൽ ചിലർ സ്വയം ആവർത്തിച്ചു ചോദിക്കും- 'എവിടെയാണ് തെറ്റ് പറ്റിയത്?', 'എന്താണ് ചെയ്യേണ്ടിയിരുന്നത്?' അവിടെ പരാജയത്തിന്റെ കയ്പ്പുനീർ രുചിച്ചതിന്റെ നിരാശയിൽ ജീവിതം കഴിച്ചുകൂട്ടും.
രണ്ടു പേരുടെ ബന്ധത്തിൽ നിന്ന് ഒരാൾ പടിയിറങ്ങുമ്പോൾ ഇരുവർക്കും കൂട്ട് അവരുടെ ഏകാന്ത സാന്നിധ്യമാണ്. ഒരു പക്ഷെ അവിടെ മറ്റേയാൾക്കുള്ള പ്രസക്തി എന്തായിരിക്കുമെന്ന് ആർക്കും പറയുവാനാവില്ല.
രണ്ടു പേർക്കിടയിലെ മതിലുകൾ ഭേദിച്ചു ഇരുവരും ഒന്നാകുന്ന ഒരു സ്വകാര്യ ഇടത്തിന്റെ പേര് കൂടെയാകുന്നു പ്രണയം. പങ്കുവയ്ക്കലിന്റെ മനോഹാരിതയാണ് പ്രണയത്തിന്റെ സാക്ഷാത്കാരം. രണ്ടിന്റെ വൈവിധ്യവും ഒന്നിന്റെ ഒരുമയും ഒത്തുചേർന്ന പ്രണയത്തിനാണ് മധുരം കൂടുന്നത്. രണ്ടു പേർ എന്നത് രണ്ട് വ്യക്തികളും ഒന്ന് എന്നത് അവർ കൂട്ടിച്ചേർത്ത ഒരുമയുടെ ഇടവുമായി സങ്കൽപ്പിക്കാം.
രണ്ടു പേർക്കിടയിൽ സ്വാഭാവികമായി സംഭവിക്കുന്ന പരിണാമമാണ് പ്രണയം. രണ്ടാൾ എന്നത് ഒറ്റയാളായി ചുരുങ്ങുമ്പോൾ ബന്ധങ്ങൾ ചരമം പ്രാപിക്കുന്നു. രണ്ടു പേർ കൂടുകൂട്ടുന്ന ലോകത്തിൽ ഒരാളുടെ കേവല സാന്നിധ്യം ചിലപ്പോഴൊരു അധികപ്പറ്റ് മാത്രമാണ്.
പ്രണയപരാജയം
പ്രണയപരാജയത്തിന്റെ ദുഃഖഭാണ്ടം ചുമക്കാൻ അധികമാരും തയ്യാറാവുകയില്ല. വേദനയും വേർപാടും ചേർന്ന ഹൃദയം കീറിമുറിക്കുന്ന വേദനയാണ് പലർക്കും സമ്മാനിക്കുക. ചില പ്രണയപരാജയങ്ങൾ ഒരു തരം സ്വാതന്ത്ര്യ പ്രഖ്യാപനമാവുന്നത് കാണാതിരിക്കാനും ആവില്ല. ഒരാളുടെ
വിഷമതകൾ ഇല്ലാതാകാനുള്ള പരിഹാരമായി അവ പ്രവർത്തിക്കുമ്പോഴാണ് അവ പോംവഴിയായി മാറുന്നത്. പ്രണയത്തിന്റെ മൃദുല വികാരത്തിൽ വശപ്പെടാതെ വിവേകപരമായി ചിന്തിച്ച് 'ഒരാളുടെ ഇഷ്ടം തനിക്ക് വേണ്ട' എന്ന് പറയാനുള്ള അർജവവും തന്റേടവും നേടുന്നത് ആഹ്ലാദജനകമായ തിരിച്ചറിവിന്റെ കരുത്തോട് കൂടെയാണ്. ജീവിതത്തോടുള്ള അതിരറ്റ സ്നേഹത്തിന്റെയും പ്രതിബദ്ധതയുടെയും പരിണിതഫലമായുള്ള തിരഞ്ഞെടുപ്പായി ആ തീരുമാനത്തെ നോക്കിക്കാണാൻ സാധിക്കും.
ഒരാൾക്ക് ആനന്ദവും മറ്റൊരാൾക്ക് ആകുലതയും സമ്മാനിക്കുന്ന ബന്ധങ്ങൾ എങ്ങനെയാണ് മനോഹരമാണെന്ന് വാദിക്കാനാവുക? പരസ്പരം പങ്കിടാതെയുള്ള പ്രണയത്തിനു മധുരം കുറയുകയും കയ്പ്പ് കൂടുകയും ചെയ്യുമ്പോൾ പ്രണയമെന്ന വൈകാരിക അനുഭവം ഏകവചനമായി മാറുന്നു. അങ്ങനെ ഒരാൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിൽ ഒരുതരം അർഥശൂന്യത അനുഭവപ്പെടുന്നു.
'എല്ലാം ഒരുമിച്ച്' എന്നതാവാം പ്രണയത്തിന് ചാർത്താവുന്ന ആപ്തവാക്യം. രണ്ടാൾക്കും ആസ്വദിക്കാൻ വേണ്ടിയുള്ളതാണ് പ്രണയം. ഒറ്റയ്ക്ക് ഒരാളെ സ്നേഹിച്ചിരിക്കുമ്പോൾ അപ്പുറത്തെയാൾ അനുഭവിക്കുന്ന വീർപ്പുമുട്ടലിനെ പറ്റിയും മാനസികപീഡയെ പറ്റിയും ഓർക്കുമ്പോൾ
തെളിഞ്ഞു വരുന്നത് സ്നേഹത്തിന്റെ പേരിൽ പലപ്പോഴും ഞാനുൾപ്പടെ
പലരും എത്ര ക്രൂരമായി പെരുമാറുന്നു എന്ന നിർവ്യാജമായ ഖേദമാണ്.
നിസ്സഹായതയുടെ പടുകുഴിയിൽ ആളുകളെ പിടിച്ചിടുന്നതിൽ പ്രണയത്തോളം പ്രാഗല്ഭ്യം നേടിയ മനുഷ്യ വികാരങ്ങൾ ഉണ്ടോയെന്നത് സംശയമാണ്. ഇതുവരെ പോയത് പോലെയല്ല ഇനി കാര്യങ്ങൾ പോവുന്നത് എന്ന യാഥാർഥ്യബോധം ഏൽപ്പിക്കാനിടയുള്ള മുറിവുകൾ ഭയന്ന് ആളുകൾ എന്തൊക്കെ ചെയ്തു കൂട്ടുമെന്ന് സങ്കല്പിച്ചു നോക്കുക. അത്തരം അവസ്ഥകൾ നേരിടുന്ന ആളുകൾ കടന്നുപോയേക്കാവുന്ന അനുഭവങ്ങൾ എത്ര ഭീകരമായിരിക്കാം.
പല പ്രണയബന്ധങ്ങളും മുറിച്ചു കളയുന്നത് ഗതികേട് കൊണ്ട് കൂടെയാണ്. ഒരാളുടെ സ്നേഹം മറ്റൊരാൾക്ക് പീഡനമായും കളിയായും നേരമ്പോക്കായും അനുഭവപ്പെടാൻ കാരണം അവർ കടന്നുപോകുന്ന സാഹചര്യങ്ങളാണ്, അനുഭവങ്ങളാണ്, ബുദ്ധിമുട്ടുകളാണ്.
പ്രണയം വേണ്ടെന്ന് വയ്ക്കുന്ന ആളോട് കെഞ്ചാനോ, ന്യായവാദങ്ങൾ പറയാനോ നോക്കി കഷ്ടപ്പെട്ട് സമ്പാദിക്കേണ്ട ഒന്നായി പ്രണയത്തെ വില കുറയ്ക്കുന്നത് നമ്മൾ മനുഷ്യരുടെ പരിമിതിയും സ്വന്തമായ കാഴ്ചപ്പാട് ഇല്ലാതെ പോകുന്നതിന്റെ പ്രശ്നവുമാണ്. ഒന്നായി കാണാൻ കഴിയാതെ രണ്ടെന്ന കണക്കിൽ ഇരുവരും ഇരുവരിൽ നിന്നു ചിതറി മാറിയാൽ ബന്ധത്തിലെ ആർദ്രതയും സ്നേഹവും അവസാനിച്ചു ബാക്കിയെല്ലാം ശേഷക്രിയകൾ മാത്രമായി അവസാനിച്ച് മണ്ണടിയുന്നു. ഒരു പ്രണയത്തിന്റെ സ്വഭാവിക മരണം അവിടെ രേഖപ്പെടുത്തുന്നു.
ഒരു പക്ഷെ മറ്റൊരു പ്രണയത്തിന്റെ ജനനം അവിടെ തുടങ്ങാം. പ്രണയസങ്കൽപ്പം മുഴുവനായി കുഴിച്ചുമൂടുന്ന അവസ്ഥയിലേക്കും ചെന്നുപതിക്കാം. പ്രണയാനുഭവത്തിന്റെ ആഴവും പരപ്പും അനുസരിച്ചു അതെല്ലാം മാറിമറിയും.
പ്രണയപരാജയം ജീവിതതകർച്ചയുടെ ആരംഭമോ തിരിച്ചടിയുടെ തുടക്കമായോ കരുതി ഭയന്നുനിൽക്കാതെ, ജീവിതത്തിന്റെ ഭാഗം മാത്രമായി കണ്ടു മുൻപോട്ട് നടക്കാനും പ്രണയപരാജയം വ്യക്തിപരമായ നഷ്ടമായി കരുതി വിഷമം തോളിലേറ്റി വെറുതെ നടന്ന് വേച്ചു വീഴാതിരിക്കാനും തയ്യാറാകുന്നവർ പ്രണയ പരാജയപരീക്ഷ പാസായേക്കും.
ഒരാളുടെ സന്തോഷങ്ങളെയും മോഹങ്ങളെയും ഒരു വ്യക്തിയിൽ മാത്രമായി പരിമിതപ്പെടുത്തുന്നതല്ല പ്രണയം. ജീവിതത്തിന്റെ ആയിരം മുഖങ്ങളിൽ ഒന്ന് മാത്രമാണ് അത്. പല മുഖങ്ങൾ ഒരാളെ കാത്തുനിൽക്കുന്നു.
ഒരു ബന്ധം മുറിയുമ്പോൾ പിടയുന്നത് രണ്ടു മനസ്സുകളാണ്.
പ്രണയനഷ്ടം പരാജയമോ വേദനയോ ആയി കൊണ്ടുനടക്കാതെ അനുഭവമായി കണക്കിലെടുത്ത് മുന്നോട്ട് പോവണം. പരാജിതരുടെ മേൽക്കുപ്പായം അഴിച്ചുവയ്ക്കണം. തലയുയർത്തി നിവർന്നുനിന്ന് പാഠങ്ങൾ പഠിക്കണം. പരാജയങ്ങളെ പ്രണയിക്കാനും തിരിച്ചറിവുകളെ മാനിക്കാനും തീരുമാനങ്ങളെ അംഗീകരിക്കാനും മനസ്സുണ്ടാവണം.

Comments
Post a Comment