എഴുത്തുപെട്ടിയെന്ന സന്തതി ഉണ്ടായതെങ്ങനെ...
ഇത് എഴുത്തുപെട്ടിയുടെ കഥയാണ്. എഴുതാനറിയാത്ത ഒരാളുടെ എഴുത്തുശ്രമങ്ങളുടെ കഥ. ഉള്ള് തുറന്ന് എഴുതുമ്പോൾ എന്റെ മനസ്സിലെ മാറാലകൾ ഒന്നൊന്നായി അഴിഞ്ഞുനീങ്ങുന്നു. അവയിലെ വിയർപ്പുതുള്ളി തുടച്ചുനീക്കി വായനക്കാർക്ക് സമർപ്പിക്കുന്നു. ഓരോ എഴുത്തിലും എന്റെയുള്ളിലെ എന്നെ അൽപ്പംകൂടെ നന്നായി അറിയാൻപറ്റുന്നു. വായനയോട് തുടങ്ങിയ പ്രേമമാണ് എഴുത്തിലേക്ക് പ്രവഹിച്ചത്. കഞ്ഞിപ്പാടം എന്ന കുട്ടനാടൻ ഗ്രാമത്തിൽ ജനിച്ചുവളർന്ന സാധാരണക്കാരനാണ് എഴുത്തുപെട്ടിയുടെ പുറകിലുള്ള ബുദ്ധികേന്ദ്രം. ചെറിയ പ്രായത്തിൽ ധാരാളം പുസ്തകങ്ങളും മാസികകളും വായിച്ചു. വായിക്കുന്ന കഥയോടൊപ്പം അതിന്റെ പിന്നിലെ കൈകളേയും മനസ്സിൽ സൂക്ഷിച്ചു. അഞ്ച് വയസ്സുള്ളപ്പോൾ ക്ലാസ്സിലെ മലയാളം അധ്യാപകനായ രാജു സാർ ആവശ്യപ്പെട്ടതു പ്രകാരം എഴുതിയ വാക്ശകലങ്ങളാണ് എന്റെ ഓർമ്മയിലെ ആദ്യ രചന. അതിനെ കവിത എന്ന് വിളിക്കാമോയെന്ന് ഇന്നും പിടിയില്ല! 'മഴ നല്ല മഴ, എന്തു നല്ല മഴ, മഴ വരുമ്പോൾ കുടയെടുക്കാൻ മറന്ന കോലപ്പൻ, മഴയും നനഞ്ഞു ഓടി വരുന്നത് കണ്ടില്ലേ' പെൻസിലിൽ ഭാവന വിരിഞ്ഞ നിമിഷം ആദ്യമായി കുറിച്ച ആ വരികളെ കുട്ടിക്കവിതയെന്നോ പൊട്ടക്കവിതയെന്നോ വിളി...