ലക്ഷം വീട് കോളനിയും ജാതി ചുമക്കുന്നവരും
കഞ്ഞിപ്പാടത്ത് ഞങ്ങൾ താമസിക്കുന്ന വീടിന് അൽപ്പം പടിഞ്ഞാറ് മാറി സംവരണ (SC) വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന ഒരു കോളനിയുണ്ട്. ഇ.എം.എസിൻ്റെ ഭരണകാലത്ത് കൊണ്ടുവന്ന ഭൂപരിഷ്‌ക്കരണ നിയമത്തിൻ്റെ ഗുണഭോക്താക്കളായ കുറെ മനുഷ്യർ അക്കാലത്തു അവിടെ കുടിൽ കെട്ടി താമസമാരംഭിച്ചു. തൈക്കൂട്ടം ഭാഗത്ത് കഴിഞ്ഞ ഒരു ധനികകുടുംബത്തിൻ്റെ ഭൂമിയാണ് ഇവർക്ക് പതിച്ചുനൽകിയത്. പിന്നീട്, സർക്കാരിൻ്റെ ലക്ഷംവീട് പദ്ധതിയുടെ ഫലമെന്നോണം കുറെപ്പേർക്ക് വീട് കിട്ടി. അവിടം ലക്ഷംവീട് കോളനി എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്.
നാട്ടിൽ ഒരുകാലത്ത് ഇവിടെയാണ് വികസനം ഏറ്റവും വൈകി എത്തിയിരുന്നത്. വാട്ടർ കണക്ഷൻ കിട്ടുന്നത് പോലും വളരെ സമയമെടുത്താണ്. ഇവിടെ കഴിയുന്നവർ കൂടുതലും ദിവസവേതനക്കാരാണ്. സ്ത്രീകൾ ചിലർ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളാണ്. പണ്ട്, വീട്ടിലെ മോശം സാഹചര്യം കൊണ്ട് പലർക്കും വിദ്യാഭ്യാസം ചെയ്യാൻ പറ്റിയിട്ടില്ല. ഭൂമി ഉള്ളവരുടെ വീടുകളിൽ ഒരു കാലത്ത് കൊയ്തുപണിയും മറ്റും ചെയ്യാൻ പോയിരുന്നു. പല വീടുകളിലും ഇവർക്ക് ജാതിപരമായ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. പഴയ കാലത്ത് ചില വീടുകളിൽ ഇവർക്ക് ഭക്ഷണം നൽകുന്നതിൽ പോലും വേർതിരിവ് കാട്ടിയിരുന്നു. അവർ കഴിച്ച പാത്രം കമഴ്ത്തി വെയ്ക്കണം എന്നത് അന്നത്തെ നാട്ടുനടപ്പായിരുന്നു. അങ്ങനെയല്ലേ പാത്രത്തിൽ അവശേഷിച്ച വെള്ളത്തിൻ്റെ അംശം മുഴുവനായി പോകൂ! സ്വന്തം പേരിനൊപ്പം
ജാതിപ്പേര് കൂടെ ചേർത്താണ് ഇവരെ ആളുകൾ വിളിച്ചിരുന്നത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചയാണ് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോദ്ധ്യവാന്മാരാകാൻ ഇവരെ സഹായിച്ചത്.
അന്നൊരിക്കൽ, ഉന്നതകുലജാതബാധ പേറിയിരുന്ന ഒരു വ്യക്തിയോട് മുതിർന്ന ആളായിട്ടും എന്തിനാണ് അവരെ പേര് വിളിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. അപ്പോൾ, അഞ്ച് വയസ്സോ മറ്റോ കാണും. "ചോത്തി" എന്നാൽ ജാതീയമായ നാമമാണെന്ന് പിന്നെയാണ് മനസ്സിലാക്കിയത്. ഒരാളോട് നമ്മൾ ജാതിയുടെ അടിസ്ഥാനത്തിൽ പെരുമാറുന്നത് തീർത്തും മനുഷ്യത്വരഹിതമാണെന്ന് എന്നെ പഠിപ്പിച്ചത് അങ്ങനെ ചില കാഴ്ചകളാണ്. കളിച്ച ശേഷം ചില വീടുകളിൽ വെള്ളം കുടിക്കാൻ ചോദിക്കുമ്പോൾ 'അവർക്ക് കൊടുക്കാനാണോ' എന്ന ചോദ്യം നേരിട്ടിരുന്നു. ഒപ്പമൊരു നീരസം പൂണ്ട നോട്ടവും. അയ്യങ്കാളി ജയന്തി ദിനത്തിൽ മത്സരങ്ങൾക്ക് പോയതും, കൂട്ടുകാരുമായി കളിച്ചു നടന്നതും, ഒരു പരാതിയായി വീട്ടിൽ അവതരിപ്പിച്ച ആളുകളെ അന്നേ നോട്ടമിട്ടതാണ്. അവരുടെ ഉള്ളിലെ സവർണ്ണഭൂതത്തെ പുച്ഛിച്ചു തള്ളിയതുമാണ്. ജാതിചിത ഇവരിൽ പലരുടെയും ഡിഎൻഎയുടെ ഭാഗമാണെന്ന് ഇവരോട് സംസാരിക്കുമ്പോൾ പലപ്പോഴും തോന്നാറുണ്ട്.
വിദ്യാഭ്യാസമാണ് കോളനിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നത്. 1980കളിൽ ജനിച്ച തലമുറയിൽ പലരും ഇന്ന് കുഴപ്പമില്ലാത്ത ജീവിതം
നയിക്കുന്നതിന് കാരണം അവർ പഠിച്ചത് കൊണ്ടാണ്. അവരിൽ പലരും സർക്കാർ ജോലിയിൽ പ്രവേശിച്ചു. അന്നാളുകളിൽ അവിടെ ജീവിച്ച എൻ്റെ കൂട്ടുകാർ പലരും പത്താം ക്ലാസ് പരീക്ഷ കടന്നുകൂടിയാൽ മതി എന്നാണ് ചിന്തിച്ചിരുന്നത്. പക്ഷെ, അതല്ലാതെ നവോദയ/ സർക്കാർ സ്ക്കൂൾ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മുന്നോട്ട് വന്ന കുറെ മിടുക്കരുണ്ട്. എന്നാൽ, സമൂഹം എത്ര പുരോഗമിച്ചാലും, പഴയകാലമാറാപ്പുകൾ പേറുന്ന കുറേയാളുകൾ ഉണ്ട്. ഒരാൾ പരീക്ഷയിൽ മികച്ച മാർക്കോടെ പാസാവുന്നതോ, ജോലി നേടുന്നതോ, ഉന്നതബിരുദത്തിന് യോഗ്യത നേടുന്നതോ ഇവരെ സന്തോഷപ്പെടുത്തുന്നില്ല. സംവരണത്തിൻ്റെ ബലത്തിൽ കിട്ടിയതാണെന്ന് വീട് വീടാന്തരം കയറി പറഞ്ഞുകളയും. ഒരാളെ അംഗീകരിക്കാൻ ബുദ്ധിമുട്ടുന്നതിന് പുറമേ അയാളെ പലതും പറഞ്ഞു താഴ്ത്തിക്കെട്ടാൻ മടിക്കില്ല. "എൻ്റെ മകൻ/മകൾ ഇരിക്കേണ്ട സ്ഥാനത്താണ് ഇവർ കയറിയത്," എന്നൊക്കെ കാണുന്നവരോടെല്ലാം പറയും. അവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോഴെല്ലാം ദയനീയമായി പരാജയപ്പെട്ടിരുന്നു.
റിസർവേഷൻ
പല തൊഴിലിടങ്ങളും ഒരു കാലത്ത് സവർണ്ണർ അടക്കിവാണിരുന്നു. നല്ലതുപോലെ പഠിച്ചയാളുകളെപ്പോലും അന്യജാതിയെന്ന കാരണത്താൽ ഒഴിവാക്കിയിരുന്നു. ചരിത്രപരമായ നീതിയാണ് റിസർവേഷൻ. അതിനെ എതിർക്കുന്നവർക്ക് അതിൻ്റെ പ്രസക്‌തി ഇപ്പോഴും ബോധ്യമായിട്ടില്ല എന്നുവേണം കരുതാൻ. റിസർവേഷൻ സംവിധാനം ഇല്ലായിരുന്നെങ്കിൽ കോളനി നിവാസികളിൽ ഇപ്പോഴുള്ള പുരോഗതി കൈവരിക്കുമായിരുന്നു എന്ന് കരുതാൻ ബുദ്ധിമുട്ടാണ്.
കുമ്പളങ്ങി നൈറ്റ്‌സിലെ പണി തീരാത്ത വീട് പോലെയുള്ള കൂരകളിൽ, പ്രായമായിട്ടും കുടുംബം നോക്കാൻ ജോലിക്ക് പോകുന്നവരുണ്ട്. പ്രളയകാലത്ത് അവർ അനുഭവിച്ച ബുദ്ധിമുട്ടുകൾ അറിയാം. കൊറോണക്കാലത്ത് പണിക്ക് പോവാൻ പറ്റാതെ കക്കാ വാരിയും, മീൻ പിടിച്ചും കഴിയുന്നവരുമുണ്ട്. ഒരു കാലത്തു, പൈപ്പ് കണക്ഷൻ ഇല്ലാത്തതിനാൽ കുറെ നടന്ന് വെള്ളമെടുക്കാൻ പോയവരുണ്ട്. അതിൽ നിന്നൊക്കെ ഒത്തിരി മാറ്റങ്ങൾ വന്നിട്ടുണ്ട്.
അവിടെ ജീവിക്കുന്ന ചില യുവാക്കളിൽ അക്രമവാസന കൂടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പോലീസ് അവരിൽ ചിലരെ ലഹരി ഉപയോഗത്തിനും, മറ്റ് പല കേസിനും പിടിക്കുന്നുമുണ്ട്. പക്ഷെ, അതിൻ്റെ പേരിൽ ആ സ്ഥലത്തെ മുഴുവനായി ക്രൂശിക്കുന്നത് എന്തിനാണ്? അങ്ങനെ ചെയ്യുന്നവരുടെ ഉദ്ദേശം വേറെയാണ്.
ഇന്ന് കാലം മാറി, ജീവിതം മാറി, സാഹചര്യങ്ങളും മാറി. ജാതി പറഞ്ഞു ആളുകളെ അകറ്റുന്ന ആ നശിച്ച ഇന്നലെയുടെ ഭാരം പേറി നടക്കുന്നവർ നമുക്ക് ചുറ്റിനും ഉണ്ട്. ഒരു കാര്യം പറഞ്ഞുകൊണ്ട് നിർത്താം. ഒരവധി ദിവസം വീട്ടിലിരുന്ന് കമ്മട്ടിപ്പാടം സിനിമ കാണുകയായിരുന്നു. അവിടെ വന്ന ഒരാൾ എന്നോട് ചോദിച്ചത് "അതൊക്കെ സംസ്കാരമില്ലാത്തവരുടെ സിനിമയല്ലേ" എന്നാണ്. മനസ്സിലെ സവർണ്ണമാറാലകൾ വിട്ടുപോകാത്ത ചിലർ നമുക്ക് ചുറ്റും പതിയിരിക്കുന്നല്ലോയെന്ന് ഞാൻ അപ്പോൾ ഓർത്തു.

😊👍🏻
ReplyDeleteThank you :)
ReplyDeleteപണ്ടത്തെ ജാതിവ്യവസ്തയെപ്പറ്റി ഓർമ്മവന്നു.അതിനെതിരെ അടരാടി വിജയംവരിച്ച മഹാത്മക്കളെപ്പറ്റിയും........
ReplyDeleteആശംസകൾ
നന്ദി.
Delete