ദുരന്തങ്ങളോട് പൊരുതുന്ന മനുഷ്യർ

സാമൂഹിക ശാസ്ത്രത്തിൽ ലോകദുരന്തങ്ങൾ പഠിക്കുമ്പോൾ അത്തരം അവസ്ഥകൾ നമുക്ക് നേരിടേണ്ടിവന്നാൽ എന്താണ് ചെയ്യുകയെന്ന് ആലോചിച്ചിട്ടുണ്ടോ? നമ്മൾ കടന്നുപോയ പല ദുരന്തങ്ങളും നമുക്ക് പിന്നെ കഥകളാണ്, ഓർമ്മകളാണ്, ഇഷ്ടപെടാത്ത നാളുകളാണ്. പക്ഷെ, പഴയ ഓർമ്മകളിൽ ചുറ്റിപ്പറ്റി നിന്നാൽ നമ്മുടെയൊന്നും ജീവിതം മുന്നോട്ട്പോകില്ല. എത്ര വേദന നിറഞ്ഞ നാളുകളെയും നേരിടാനുള്ള കരളുറപ്പ്, മനോധൈര്യം നമുക്ക് ഉണ്ടാകണം. കോവിഡ് ഭീതിയിൽ ദിവസങ്ങൾ തള്ളിനീക്കുമ്പോൾ പഴയ പല കാര്യങ്ങളും ഓർത്തുപോയി.
ആർട്ട്:സുദർശൻ പട്നായിക്  


2004 ഡിസംബർ 26   
വീടിനടുത്തുള്ള വട്ടപ്പായിത്ര അമ്പലത്തിൽ കൊല്ലംതോറുമുള്ള സപ്‌താഹം നടക്കുന്ന സമയം. ക്രിസ്മസ് അവധിക്കാലമാണ്. രാവിലെ 6 മണിക്ക് എഴുന്നേറ്റ് ടിവി ഓൺ ചെയ്തു. കുറച്ചുകഴിഞ്ഞപ്പോൾ ഫ്‌ളാഷ്‌ന്യൂസ് കാണാൻ തുടങ്ങി. "കന്യാകുമാരിയിലും, വേളാങ്കണ്ണിയിലും കൂറ്റൻ തിരമാലകൾ സകലതും തച്ചുതകർക്കുന്നു." അന്നൊന്നും ഫ്‌ളാഷ് ന്യൂസുകൾ ഇന്നത്തെപ്പോലെ സാധാരണമല്ല. കുറച്ചുകഴിഞ്ഞു അവിടുത്തെ വിഷ്വലുകൾ കാണിച്ചുതുടങ്ങി. ഇത്ര ശക്തിയുള്ള തിരമാലകൾ മുൻപ് കണ്ടിട്ടില്ല. എങ്കിലും കൂടുതൽ സമയം ടിവിക്ക് മുൻപിൽ ചടഞ്ഞിരിക്കാൻ തോന്നിയില്ല. സപ്‌താഹം കൂടാൻ പോയി. അവിടെ പച്ചക്കറി അരിയുന്ന നേരത്ത്‌ കൂടുതൽ വിവരങ്ങൾ മനസ്സിലായി. വേളാങ്കണ്ണിയിൽ പ്രാർത്ഥിക്കാൻ പോയ ആളുകളെപറ്റിയാണ് അന്നെല്ലാവരും സംസാരിച്ചത്.
അന്ന് ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ഏകദിനം ടിവിയിൽ ലൈവുണ്ട്. മത്സരം കണ്ടുകൊണ്ടിരിക്കുമ്പോളാണ് അച്ഛൻ വാർത്ത വെയ്ക്കാൻ ആവശ്യപ്പെടുന്നത്. അന്നത്തെ 9 മണി ബുള്ളറ്റിനിലാണ് സംഭവത്തിൻ്റെ ഭീകരത മനസ്സിലാകുന്നത്. ഞങ്ങളുടെ ഗ്രാമം കടലോരത്തു  നിന്നും 5/ 6 കിലോമീറ്റർ അകലെയാണ്. പക്ഷെ, അമ്മാവനും, കുടുംബവും താമസിക്കുന്നതിന് 200 മീറ്റർ അകലെ കടലാണ്. അമ്മയും, അച്ഛനും അവരോട് കഞ്ഞിപ്പാടത്തുള്ള വീട്ടിൽ താമസിക്കാൻ വരാൻ പറയുന്നു.
പിറ്റേന്ന് പത്രം തുറന്നപ്പോൾ കൂടുതൽ വ്യക്തത കിട്ടി. എല്ലായിടത്തും ആപത്തു പതുങ്ങിയിരിക്കുവാണെന്ന് മനസ്സിലായി. ഞങ്ങളുടെ സ്‌കൂളിൽ വളഞ്ഞവഴി, പുറക്കാട് തീരപ്രദേശത്തു നിന്ന് വരുന്ന കുറച്ചു  കുട്ടികളുണ്ട്. അവരിൽ പലരും എൻ്റെ കൂട്ടുകാരാണ്. അവർക്ക് എന്ത് പറ്റിയിട്ടുണ്ടാകും എന്നോർത്തു വേവലാതിപ്പെടാൻ തുടങ്ങി. സ്‌കൂൾ എത്രയും വേഗം തുറന്ന് അവരെ കാണാൻ പറ്റിയെങ്കിൽ എന്നായിരുന്നു അന്നത്തെ വലിയ ആഗ്രഹം. അമ്പലപ്പുഴയിലെ കുഞ്ചുപിള്ള സ്‌കൂളിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. ജീവിതത്തിൽ ആദ്യമായാണ് ക്യാമ്പ് കാണുന്നത്. ആശങ്ക നിറഞ്ഞ മുഖങ്ങൾ. കുറച്ചു ദിവസം മുൻപ് വരെ അവർക്ക് കിടക്കാൻ വീടുണ്ടായിരുന്നു, ജീവിക്കാൻ തൊഴിലുണ്ടായിരുന്നു. സ്‌കൂളിലെ പരിമിതമായ സൗകര്യങ്ങളിൽ 5/6 വർഷം  കഴിഞ്ഞ ശേഷമാണ് അവർക്ക് സർക്കാർ നിർമ്മിച്ച പുതിയ വീടുകളിൽ താമസം മാറാനായത്.
ലക്ഷോപലക്ഷം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട സുനാമി ഞങ്ങളെ വിഴുങ്ങാതെ കടന്നുപോയി. പക്ഷെ, ചുറ്റും കണ്ട കാഴ്ചകൾ ഞങ്ങളെയും തളർത്തി. അമ്മയും, അച്ഛനും ദുരിതാശ്വാസക്യാമ്പുകളിലേക്ക് പഴം-പച്ചക്കറികൾ എത്തിച്ചു. സുനാമി കഴിഞ്ഞു എന്നുറപ്പായശേഷം അതുവഴി പോകേണ്ട ആവശ്യം വന്നപ്പോൾ കടൽ കാണാൻ പോയി. ചുറ്റും ഇടിഞ്ഞുപൊളിഞ്ഞ വീടുകൾ. ക്ലാസിലെ സഹപാഠികൾ അവരുടെ അനുഭവം വിവരിച്ചു. കുറച്ചുദിവസമായി കടൽ കലിതുള്ളുന്നത് പോലെ തോന്നിയതിനാൽ അവരുടെ വീട്ടിൽ നിന്നാരും
മീൻ പിടിക്കാൻ പോയില്ല. "രാത്രിയിൽ കടൽ കയറും. വീടിനടുത്തു തിരമാലകൾ എത്തിയപ്പോൾ അപകടം മനസ്സിലായി. കുറച്ചകലെയുള്ള സ്ഥലത്തേക്ക് മാറിത്താമസിച്ചു." ചിലർക്കൊക്കെ വള്ളവും, വളയും നഷ്ടമായിരുന്നു. എന്നാൽ ജീവൻ തിരിച്ചുകിട്ടിയല്ലോ എന്നാശ്വാസമാണ് പല ആളുകളിലും കണ്ടത്. ഞങ്ങളോട് "നിങ്ങൾ എന്തിനാ പേടിക്കുന്നേ, സുനാമി കഴിഞ്ഞില്ലേ, ഇനിയൊന്നും വരില്ല," എന്ന് ചിരിക്കുന്ന മുഖത്തോടെ പാത്തുമ്മാ പറഞ്ഞു. അടുത്തുള്ള വീടുകളിൽ, കടലിൽ പോയവർ എപ്പോൾ തിരിച്ചെത്തും എന്നറിയാതെ കാത്തിരിക്കുന്ന ചില അമ്മമാരെയും, കുഞ്ഞുങ്ങളെയും കണ്ടിരുന്നു. അവരോട് ഞങ്ങൾ കുട്ടികൾ എന്ത് പറയാൻ. ഭാഗ്യമെന്ന് പറയട്ടെ, അവർ പോയ വള്ളം കുടുങ്ങിക്കിടന്നത് നേവിക്കാർ കണ്ടെത്തി. വീടുകളിൽ തിരിച്ചെത്തിയത് വലിയ ആശ്വാസമായി.
സ്‌കൂൾ തുറന്നയുടൻ സുനാമി ദുരിതാശ്വാസ നിധിയിലേക്ക് പൈസ പിരിക്കുന്നതായി പ്രധാന ജോലി. ഞങ്ങൾ എല്ലാ കുട്ടികളും വീടുകൾ തോറും പോയി പണപ്പിരിവ് തുടങ്ങി. ചില വീട്ടുകാർ അരിച്ചാക്കുകൾ സംഭാവന ചെയ്തു. അതെല്ലാം മുതിർന്നവരുടെ സഹായത്തോടെ ക്യാമ്പുകളിൽ എത്തിച്ചു. 2018ൽ പ്രളയം വന്നപ്പോൾ ഞങ്ങൾക്ക് സഹായമായി മൽസ്യത്തൊഴിലാളികൾ എത്തി. സുനാമി വന്നപ്പോൾ
നിങ്ങൾ ഞങ്ങളെ സഹായിച്ചത് മറന്നിട്ടില്ല എന്നൊരാൾ പറഞ്ഞത് കേട്ടപ്പോൾ ദുരന്തനാളുകളിൽ മനുഷ്യർ നൽകുന്ന കരുതലോർത്തു വല്ലാത്ത ധൈര്യം തോന്നി.
അപകടങ്ങളെ യുദ്ധം ചെയ്ത്  പായിക്കാൻ നമുക്ക് പരിമിതികളുണ്ട്. പക്ഷെ, ഒന്നിച്ചുനിന്നാൽ ദുരന്തങ്ങളുടെ തോത്  കുറയ്ക്കാനും, കഷ്ടപ്പെടുന്നവർക്ക് ആശ്വാസമാവാനും നമുക്ക് സാധിക്കുമെന്നാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത്.                       
2018 പ്രളയം 


Photo: PTI  
എല്ലാ കൊല്ലത്തെയും പോലെ അക്കൊല്ലവും ഞങ്ങൾക്ക് ജൂൺ മാസത്തെ
വെള്ളപ്പൊക്കം അനുഭവിക്കേണ്ടിവന്നു. ഹൈദരാബാദിൽ ജോലി ചെയ്യുന്ന സമയമാണ്. നാട്ടിൽ പതിവിലേറെ കലി തുള്ളുന്ന മഴയാണ്. ആറ്റിലും, പാടത്തുമെല്ലാം കുറച്ചു ദിവസങ്ങൾ കൊണ്ട് വെള്ളം കൂടി.
ഓഗസ്റ്റ് മാസം 16നോ മറ്റോ ആണ് നാലുപാടത്തെ മട വീഴുന്നത്. റോഡിൽ എത്ര പെട്ടെന്നാണ് വെള്ളം കയറുന്നത്! അവിടെ നിന്ന് മാറാതെ പറ്റില്ല എന്ന സ്ഥിതി വന്നു. പിറ്റേ ദിവസം അതിരാവിലെ, മുട്ടറ്റം വെള്ളം നീന്തി ആളുകൾ പല സ്ഥലങ്ങളിലേക്ക് താമസം മാറൽ ആരംഭിച്ചു. സഹായത്തിന് നാട്ടിലെ ചെറുപ്പക്കാരും, മൽസ്യത്തൊഴിലാളികളുമുണ്ട്. ആലപ്പുഴയിലെ അമ്മാവൻ്റെ വീട്ടിലേക്കാണ് വീട്ടുകാർ മാറിയത്. പല സ്‌കൂളുകളിലും പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസക്യാമ്പുകളിലേക്ക് മറ്റുപലരും താമസം മാറി.
പ്രളയത്തിൽ നിന്ന് കര കയറാൻ 2 മാസമെടുത്തു. ഫേസ്ബുക്കിലൂടെയാണ് നാട്ടിലെ വിവരങ്ങൾ അറിഞ്ഞിരുന്നത്. ദിവസവും ഇടുന്ന പോസ്റ്റുകൾ നോക്കി വെള്ളം കൂടിയോ കുറഞ്ഞോ എന്ന് കണ്ടെത്തും.
പ്രളയത്തിൽ കാര്യമായ നഷ്ടം സംഭവിക്കാതിരുന്ന ഒരാളും ഞങ്ങളുടെ പരിസരത്ത് ഉണ്ടായിരുന്നില്ല. പക്ഷേ, ദുഖിച്ചിരുന്നാൽ ജീവിതം മുന്നോട്ട് നീങ്ങുമോ? ഒക്ടോബറിലാണ് നാട്ടിൽ ചെല്ലുന്നത്. അപ്പോഴേക്കും, തോടും, കുളവും, പൂക്കൈത ആറും ധാരാളം വെള്ളമിറങ്ങിയ അവസ്ഥയിലായിരുന്നു. അടുത്ത കൊല്ലം വന്ന വരൾച്ചയുടെ സിഗ്നൽ അന്നേരമേ ലഭിച്ചു എന്ന് പറയാം.
പ്രളയനാളുകൾ തള്ളിനീങ്ങാൻ പ്രധാനകാരണം അന്നാളുകളിൽ ഒപ്പം നിന്ന പേര് പോലുമറിയാത്ത കുറെ മനുഷ്യരുടെ സഹായം കൊണ്ടാണ്. നമ്മുടെ നാട് ഒന്നിച്ചുനിന്ന് ആ മഹാമാരിയെ നേരിട്ടു. തളർന്നയാളുകൾക്ക് കൈത്താങ്ങായി. രാഷ്ട്രീയം, മതം, ജാതി നോക്കാതെയുള്ള സഹായം. ഹൈദരാബാദിലും, ദുരിതാശ്വാസ ഫണ്ട് പ്രവർത്തനത്തിന് ഇറങ്ങി. ഇവിടെ ആളുകൾ വലിയ  സഹായമായിരുന്നു. പ്രതീക്ഷിച്ചതിലും അധികം തുക പിരിഞ്ഞുകിട്ടി. അക്കൊല്ലത്തെ ഓണം ദുരിതാശ്വാസപ്പിരിവിന് കൂടെയായിരുന്നു. ഒരാവശ്യസമയത്തു നാട്ടിൽ ഇല്ലാതെ പോയല്ലോ എന്ന കുറ്റബോധം അങ്ങനെയാണ് കുറച്ചൊക്കെ മാറ്റിയത്. നാടിന് ഒരു പൊതുപ്രശ്നം വന്നാൽ നമ്മൾ ഒറ്റയ്ക്കല്ല എന്നറിയാൻ ആ നാളുകൾ ഉപകരിച്ചു. വലിയ ധൈര്യമാണ് ആ തിരിച്ചറിവ് നൽകിയത്.

കോവിഡ് ഭീതി 



Credit: സുദർശൻ പട്നായിക്  

ഇന്ത്യയിലാദ്യം കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ആദ്യമൊക്കെ ഏറ്റവുമധികം കേസുകൾ കേരളത്തിലും, മഹാരാഷ്ട്രയിലുമാണ് കണ്ടെത്തിയത്‌. കേരളത്തിൽ ഇപ്പോൾ സ്ഥിതി വളരെ ഭേദപ്പെട്ടു എന്ന് പറയാം. പ്രധാനമന്ത്രി ദേശീയ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇപ്പോൾ നാൽപ്പത് ദിവസം പിന്നിട്ടിരിക്കുന്നു. എവിടെയും ആശങ്ക നിറഞ്ഞ ആളുകളാണ്. ദിവസക്കച്ചവടം ചെയ്യാൻ കഴിയാതെ പട്ടിണിയായ വഴിക്കച്ചവടക്കാർ, ജോലി നഷ്ടമായ ചെറുപ്പക്കാർ, ലോണുകളും, ബില്ലുകളും എങ്ങനെ അടയ്ക്കും എന്നറിയാത്തവർ, കിലോമീറ്ററുകൾ അകലെയുള്ള വീടുകളിലേക്ക് നടന്നും, സൈക്കിളിലും പലായനം ചെയ്യുന്ന മനുഷ്യർ, അന്യനഗരങ്ങളിൽ വീട്ടുകാരെയോർത്ത് ഒറ്റയ്ക്ക് കഴിയുന്നവർ, മുറികളിൽ ഭീതിയോടെ ദിവസങ്ങൾ തള്ളിനീക്കുന്ന പ്രവാസികൾ, സ്വന്തം സുരക്ഷ പണയപ്പെടുത്തി ചികിത്സ തുടരുന്ന ആരോഗ്യപ്രവർത്തകർ...
അപകടങ്ങളെ യുദ്ധം ചെയ്ത് പായിക്കാൻ നമുക്ക് പരിമിതികളുണ്ട്. പക്ഷെ, ഒന്നിച്ചുനിന്നാൽ ദുരന്തങ്ങളുടെ തോത്  കുറയ്ക്കാനും, കഷ്ടപ്പെടുന്നവർക്ക് ആശ്വാസമാവാനും നമുക്ക് സാധിക്കുമെന്നാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത്. ഈ യുദ്ധം നമുക്ക് തോൽക്കാൻ പറ്റില്ല. സുനാമി പോലെ, പ്രളയം പോലെ ഈ നാളുകളെ സമചിത്തതയോടെ  നേരിടാൻ നമുക്കാവണം. 'നാം, നമ്മൾ' ഈ വാക്കുകൾക്ക് ഏറ്റവും പ്രസക്തിയുള്ള കാലമാണ്. നമ്മളെക്കൊണ്ട് ചെയ്യാവുന്നവ ചെയ്യുക. മനുഷ്യൻ ഒന്നാണ് എന്നറിയുക. നമുക്ക് പലരിൽ നിന്ന്, പല നാളുകളിൽ കിട്ടിയ സഹായങ്ങൾ തിരിച്ചുനൽകേണ്ട ദിനങ്ങളാണ് എന്നോർക്കുക.










   






























 







      












     






     

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ