ഞാൻ കണ്ട ഹാച്ചിക്കോ!

ഇംഗ്ളീഷിൽ companion എന്നാണ് പങ്കാളിയെ പറയുക. ക്വാറന്റൈൻ നാളുകളിൽ താങ്ങും, തണലുമായി കൂടെയുള്ളവരിൽ എടുത്തു പറയേണ്ട ഒരാളുണ്ട്. ഒരു പാവം നായക്കുട്ടി! ആളെ ചെറിയ മുൻപരിചയമുണ്ട്! നാട്ടിൽ വരുമ്പോൾ വിജിച്ചേച്ചിയുടെ കടയുടെ മുൻപിൽ ശാന്തമായി ഇരിക്കുന്നത് കാണാം. സാധാരണ നായകളെപ്പോലെ വലിയ ഒച്ചയും ബഹളവുമില്ല. 


അടുത്തുവരുന്നവരെ വിസ്തരിച്ചൊന്നു നോക്കും. ചിലയാളുകൾ ഒത്തിരി മുറിവേൽപ്പിച്ചത് കൊണ്ടാവണം ആദ്യം അടുത്തുവരാൻ ചെറിയ മടി കാണിക്കും. ആ മുറിപ്പാടുകൾ ശരീരത്തിൽ മുഴച്ചുകാണാം. നാട്ടുകാർക്ക് ആളെ വലിയ കാര്യമാണ്. പല വീട്ടുകാരും കഴിക്കാൻ എന്തെങ്കിലും കൊടുക്കും. കടയിൽ വരുന്നവരും എന്തെങ്കിലുമൊക്കെ നൽകും.
ഞാൻ ഒറ്റയ്ക്ക് കഴിയുന്ന ക്വാറന്റൈൻ വീട്ടിലാണ് ആള് രാത്രി ഉറങ്ങാൻ വരുന്നത്. ഇവിടെ വന്നാലുടൻ ഒന്ന് ശബ്ദം വെച്ച് വരവറിയിക്കും. ഞാൻ ജനൽ തുറന്ന് ആളെ നോക്കും. ആൾ എന്നെയും! ഇടയ്ക്ക് പറമ്പിൽ എന്തെങ്കിലും എലിയോ മറ്റോ നടന്നാൽ ബഹളമുണ്ടാക്കും. എന്നെ വിളിച്ചറിയിക്കുന്നതാണോ എന്തോ! ഞാൻ തുറന്നു നോക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ബന്ധമായത് കൊണ്ട് ഒന്നും കഴിക്കാൻ കൊടുക്കില്ല, അടുത്തു ചെല്ലുകയുമില്ല.കണ്ണുകൾ കൊണ്ടുള്ള ബന്ധമെന്ന് വേണമെങ്കിൽ അൽപ്പം കാവ്യാത്മകമായി പറയാം. ആൾക്ക് ഭക്ഷണത്തിന് മുട്ടൊന്നുമില്ല. ഒരു സഞ്ചാരിയാണ്. കൊറോണയൊക്കെ എന്ത് എന്ന മനോഭാവം ആവും! കറക്കമെല്ലാം കഴിഞ്ഞു തളർന്നുകഴിയുമ്പോൾ ഇവിടെ വന്നു വിശ്രമിക്കും. 

ഹാച്ചിക്കോ 
ജപ്പാനിൽ ഹാച്ചിക്കോ എന്നൊരു നായയുണ്ടായിരുന്നു. തൻ്റെ പ്രൊഫസർ
തിരികെ വരുന്നതും കാത്തു വർഷങ്ങളോളം റെയിൽവേ സ്റ്റേഷന് അടുത്ത് മഞ്ഞും, വെയിലും കൊണ്ടുകിടന്ന ഒരു സ്നേഹമുള്ള പങ്കാളിയായിരുന്നു. പ്രൊഫസ്സറെ യാത്രയാക്കാൻ എല്ലാ ദിവസവും സ്റ്റേഷൻ വരെ പോയിരുന്നു. ഒരു ദിവസം ക്‌ളാസ്സെടുക്കുന്നതിനിടയിൽ ഹൃദയാഘാതം വന്നു പ്രൊഫസ്സർ പോയി. കാലവും കടന്നുപോയി. ഹാച്ചിക്കോ മാത്രം എങ്ങും പോയില്ല. ഒരിക്കലും മടങ്ങിവരാത്ത ആളെയും കാത്ത്‌ സ്റ്റേഷൻ വരാന്തയിൽ ദിവസങ്ങളും, വർഷങ്ങളും പിന്നിട്ടതറിയാതെ കാത്തുകാത്തിരുന്നു.  



ആളെ പിന്തിരിപ്പിയ്ക്കാൻ ശ്രമിച്ചവരെല്ലാം പരാജയപ്പെട്ടു. അങ്ങനെ  കാത്തുകാത്തിരുന്നു ഒരു ദിവസം ഹാച്ചിക്കോ പോയി. ഹാച്ചിക്കോയുടെ പേരിൽ ജപ്പാനിൽ ഒരു സ്മാരകമുണ്ട്. ഒരു ഹോളിവുഡ്  സിനിമയുമുണ്ട്. ഞങ്ങളുടെ ഹാച്ചിക്കോയ്ക്ക് വലിയ ത്യാഗത്തിന്റെ കഥ പറയാനില്ല. പക്ഷെ 
ചെറിയ സഹനത്തിന്റെ കഥയുണ്ട്. ദേഹമേലാസകലം വെട്ട് കിട്ടിയ ആൾ തിരിച്ചുവന്നത് ചില മൃഗസ്നേഹികളുടെ കാരുണ്യം കൂടെ ഉള്ളത് കൊണ്ടാണ്.   

വെള്ളപ്പൊക്കത്തിലെ ചേന്നൻ 
തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന കൃതി വായിച്ചിട്ടുള്ളവർക്ക് ചേന്നൻ എന്ന നായയെ പരിചയം ഉണ്ടാകും. വീട് മുഴുവൻ വെള്ളം കേറിയപ്പോൾ വീട്ടുകാരുടെ ഒപ്പം പോവാഞ്ഞ,  വീടിനെ സംരക്ഷിക്കാൻ പുരപ്പുറത്തു അഭയം തേടിയ, കള്ളന്റെ വെട്ടേറ്റ വെള്ളപ്പൊക്കത്തിൻ്റെ ഒരു ദൃക്‌സാക്ഷി, ആരുമറിയാത്ത രക്തസാക്ഷി! 
മഹാഭാരതം കഥയിൽ പാണ്ഡവരെ അവസാനം വരെ അനുഗമിച്ചത് ഒരു നായയായിരുന്നു. കൊടുത്താൽ ഇരട്ടിയായി തിരിച്ചുകിട്ടുന്ന സ്നേഹം. അതാണ് നായകളെ പലർക്കും പ്രത്യേകമൊരിഷ്ടം! അമിതമായ വിധേയത്വം ഒരു കുടുക്കാണ് എന്ന് തോന്നാൻ നായയുടെ മുഖം മനസ്സിലോർത്താൽ മതി. നായയെ അനുസരിപ്പിച്ചു വളർത്തുന്നതിലാണോ ഇണക്കി വളർത്തുന്നതിലാണോ കാര്യം? നിങ്ങൾ പറയൂ! 






   


     

      

         


Comments

  1. സംശയമെന്തിന്... ഇണക്കി വളർത്തണം.. ❣️

    ReplyDelete
  2. യജമാന സ്നേഹം തുടിക്കുന്ന നായകൾ നായകരാകുന്ന കഥാപാത്രങ്ങൾ 

    ReplyDelete

Post a Comment

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ