ചിരിയുടെ നറുമുഖങ്ങൾ

മനുഷ്യനെ മനുഷ്യനിലേക്ക് ചേർത്തു നിർത്തുന്ന പൊരുത്തങ്ങളിൽ ഒന്ന് തന്നെയാവുന്നു മുഖങ്ങൾ. നമ്മുടെ  ഉള്ളറകളെ ഒളിക്കാനും മറയ്ക്കാനും വേണ്ടിടത്ത് പ്രദർശിപ്പിക്കാനും സാധ്യതകളുള്ള മറ്റൊരു മനോമാധ്യമം ഉണ്ടാകുമോ? ഉണ്ടായാലും അത്  കണ്ണുകളിൽ പെടുമോ? 

നമ്മൾ കണ്ടുമുട്ടുന്ന മനുഷ്യർ...അവരുടെ ഉയിരടയാളങ്ങൾ, അവർ സമ്മാനിച്ചു പോവുന്ന ഓർമ്മ --ഇവ എങ്ങനെ മനസ്സിൽ പതിയുന്നു എന്ന് ചിന്തിക്കാറുണ്ടോ?  നമ്മുടെ മുൻപിൽ ദിവസേന കടന്നുപോവുന്ന ആളുകളെ വേർതിരിക്കുന്ന ചുമതല ഏറ്റെടുക്കുന്നത് മുഖങ്ങളാണ്. ഓരോ മുഖവും അനേകം കഥകളുടെ കലവറകളാണ്. ആദ്യമാത്ര അവ തുറന്ന് അകത്തേക്ക് പ്രവേശിക്കാൻ എല്ലാവർക്കും കഴിയില്ല. എങ്കിലും ചില മുഖങ്ങൾ മനസ്സിൽ കടന്നുകയറാറുണ്ട്. ഒരുപാട് സംസാരമോ തമ്മിൽ പങ്കുവെച്ച നിമിഷങ്ങളോ ഇല്ലാതെ അവരോട് അടുക്കാൻ ആ വിടർന്ന മുഖഭാവം മതിയാവും.

അവരോട് കൂട്ട് കൂടാൻ ഭാഷാ വ്യത്യാസമോ പരിചയക്കുറവോ തടസ്സമായി വന്നില്ല. ഒരു ചിരിയോ നോട്ടമോ കൊണ്ട് ലോകത്തിൽ   നമ്മളെ അടയാളപ്പെടുത്താമെന്ന് പറഞ്ഞു പഠിപ്പിച്ച ചില മനുഷ്യരിലേക്ക് വീണ്ടുമൊന്ന് ഊളിയിടുന്നത് ഒരർഥത്തിൽ സ്വന്തമെന്ന് കരുതുന്ന പലതിലേക്കുമുള്ള ഒരു തിരിച്ചുപോക്ക് കൂടെയാവുന്നു.    






ചാന്ദ്നിയുടെ ചിരി

മനസ്സ് നിറഞ്ഞ ചിരിയിൽ പൂക്കുന്ന ചില ബന്ധങ്ങളുണ്ട്. ചാന്ദ്നി എന്ന ഉത്തരേന്ത്യൻ കുരുന്നിന്റെ  പല്ല് തുറന്നുള്ള ചിരിയിൽ അലിഞ്ഞുപോയ ആ സുന്ദര നിമിഷങ്ങൾ ഇന്നും ഓർമ്മയിൽ മായാതെനിൽക്കുന്നു. വിടർന്ന കണ്ണുകളോടെ അരികിൽ എത്തിയ കുട്ടിയുടെ  മുഖഭാവം അയാൾക്ക് വളരെ പ്രിയപ്പെട്ടതാണ്.  നാലോ അഞ്ചോ മാസത്തെ പരിചയം,  തമ്മിൽ കണ്ടിട്ട് ആറ് കൊല്ലം കഴിയുന്നു. അവൾ എന്താണ് മനസ്സിലേക്ക് വീണ്ടും ഓടിവരുന്നത്? 

ചിലർ ചിരിച്ചാൽ ലോകം കൂടെച്ചിരിക്കും. അവരുടെ ചിരിയിൽ പ്രപഞ്ചത്തിന്റെ മുഴുവൻ സൗന്ദര്യവും  നമുക്ക് ദർശിക്കാൻ പോലും ചിലപ്പോൾ  കഴിയും. ഇത് അതിശയോക്തിയല്ല, അനുഭവമാണ്!  ചാന്ദ്നി അതിമനോഹരമായി ചിരിക്കുന്ന കുട്ടിയാണ്.  നിലാവ് പോലൊരു നിറമുള്ള പുഞ്ചിരി അവളിൽ പ്രത്യക്ഷമാണ്. അവൾ ചിരിച്ചാൽ മിഴികൾ അവളിലേക്ക് ചുരുങ്ങുന്നു. മനം അവളിലൂടെ പടർന്നുകയറുന്നു. 



പുഞ്ചിരി കുലീനമായ കള്ളമാണ് എന്ന കവിയുടെ വാക്കുകൾ ഓർമ്മപെടുത്തുന്നു ആ കുട്ടി.  നിറചിരി പോലെ മനോഹരമാവാത്ത ജീവിതം. ഇല്ലായ്മകൾക്ക് നടുവിൽ ജീവിതം തള്ളിനീക്കുന്ന  അനേകം മുഖങ്ങളിൽ ഒന്ന്.  
മുഖം വിടർന്നുള്ള ആ കുരുന്നിന്റെ ചിരി  കാത്തുസൂക്ഷിക്കാൻ മാതാപിതാക്കൾ  ശ്രമിച്ചു. അവൾക്ക് വിദ്യാഭ്യാസവും കളിപ്പാട്ടവും ഭക്ഷണവും   സ്നേഹവും നൽകി. ചാന്ദ്നിയുടെ  ചന്തം  ആ കുടുംബത്തിൽ പ്രകാശിക്കട്ടെ.  ആ നിലാച്ചിരി ഇപ്പോഴും കൂടെ ഉണ്ടാവുമോ? അതറിയാൻ വഴികൾ അടഞ്ഞുപോയിരിക്കുന്നു. 

സന്തോഷിക്കാൻ കാരണങ്ങളില്ലാത്ത ചില മനുഷ്യജീവികളുടെ ദിനചര്യയിൽ ഇടയ്ക്കിടെ കടന്നുവരുന്ന പുഞ്ചിരികൾക്ക്
എത്രയഴകാണ്, എന്തൊരാശ്വാസമാണ് 
നൽകാൻ കഴിയുന്നത്. ലോകത്തെ ചിരിപ്പിച്ചു കീഴടക്കിയ വിഖ്യാത കലാകാരനാണ് ചാർളി ചാപ്ലിൻ. അനുകരിച്ചാലും വശപ്പെടാത്ത അഭിനയമികവോടെ അയാൾ രൂപപ്പെടുത്തിയ സിനിമാവേഷങ്ങളിൽ പലതും ദുഖത്തിനുള്ളിലെ ചിരികളെ ആഘോഷിച്ചവയാണ്. അതിന് അദ്ദേഹത്തിന് വഴികാട്ടിയായത് കയ്പ്പ് നിറഞ്ഞ ബാല്യകാലാനുഭവങ്ങളാണ്.
റാം സംവിധാനം ചെയ്ത പേരൻപിലെ അച്ഛനും മകളുമായ അമുദനും പാപ്പായും പുഞ്ചിരിക്കുമ്പോൾ ആ ഭാവം നമ്മളിൽ ചിലരുടെ മുഖത്ത് പ്രകാശിച്ചത് അവരോട് നമുക്കുണ്ടാവുന്ന സ്നേഹം കൊണ്ടാവുന്നു.

അമ്മൂമ്മച്ചിരി

പലപ്പോഴും നമ്മൾ ചിരി തൂകുന്നത് മറ്റാർക്കും വേണ്ടിയല്ല, നമുക്ക് 
 വേണ്ടിയാണെന്ന് കരുതിയാലും ആ ചിരിയിൽ അശ്വാസം കണ്ടെത്തുന്നത് മറ്റ് പലരും കൂടെയാണ്. ഇരട്ടക്കുളങ്ങര അമ്പലത്തിന് അടുത്ത് ഭിക്ഷയിരുന്ന ഒറ്റക്കാലുള്ള അമ്മൂമ്മയും ആ  മോണ കാട്ടിയ നിറചിരിയും വളരെ പ്രത്യേകമാണ്.  ആദ്യമായി ശ്രദ്ധിക്കാൻ കാരണം അവരുടെ തമിഴ് പേച്ചാണ്. ആ അമ്മൂമ്മ നരച്ച തലമുടി മാതിയൊതുക്കി അമ്പലത്തിന്റെ പ്രവേശനകവാടത്തിന്റെ മൂലയിൽ ഇരിപ്പുറപ്പിക്കുന്നു. അവിടെയെത്തുന്ന ഭക്തജനങ്ങളെ  നോക്കുകയല്ലാതെ സഹായം ആവശ്യപ്പെടുന്ന പതിവില്ല. നല്ലവരായ  മനുഷ്യരുടെ കാരുണ്യത്തിൽ  ദിവസങ്ങൾ തള്ളിനീക്കുന്നു. 



പേരറിയാത്ത ആ അമ്മൂമ്മ എങ്ങനെയാണ് ഒരു ദിനം ചിലവഴിക്കുന്നത്? കടും നിറമുള്ള രണ്ട് സാരികളാണ് കൈയ്യിലെ ആർഭാടം.  യാചിച്ചു കിട്ടുന്ന പണം കീറിയ പഴ്സിനുള്ളിൽ സൂക്ഷിക്കുന്നു. അരിയോ പലചരക്കോ കിട്ടിയാൽ തുണിസഞ്ചിക്കുള്ളിൽ പൊതിഞ്ഞു വയ്ക്കുന്നു.  

ഒരിക്കൽ പ്രതീക്ഷിക്കാത്ത ഒരു കാര്യം അയാളിൽ നിന്നുണ്ടായപ്പോൾ ആ മുഖത്ത് തിരിച്ചറിയാനാവാത്ത ഭാവം തെളിഞ്ഞു. അൽപ്പനേരം വാത്സല്യത്തോടെ നോക്കിയശേഷം യാത്ര പറഞ്ഞു.  അന്ന് കണ്ടതാണ് അവരുടെ നിറമഴ പോലെയുള്ള സ്നേഹപ്പെയ്ത്ത്... മധുരയിലെ വാമൊഴി കലർന്ന തമിഴിൽ മൊഴിയുന്ന അമ്മൂമ്മ മോണയില്ലാചിരി സമ്മാനിച്ചു ക്രച്ചസ് പിടിച്ചു നടന്നുനീങ്ങി.

ഇന്നവരെ വീണ്ടും അമ്പലപ്പുഴ അമ്പലനടയിൽ കാണാനിടയായി. ഇരട്ടക്കുളങ്കരയിൽ എന്താണിപ്പോൾ കാണാത്തത് എന്നു ചോദിച്ചു. അമ്മൂമ്മയുടെ സുഖവിവരങ്ങൾ തിരക്കി. വീട്ടുകാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. നാട്ടിലൊരു മകളുണ്ടെന്നും രണ്ടാമത്തെ മകൻ അകാലത്തിൽ മരണപ്പെട്ടതായും പറഞ്ഞു. അമ്മൂമ്മ പിന്നെയും കുറെ നേരം മനസ്സ് തുറന്നു. ഞാൻ അവർ പറയുന്നത് ശ്രദ്ധയോടെ കേട്ടുനിന്നു. 

'ഞാൻ ജനിച്ചത് ദിണ്ടിഗുൾ എന്ന സ്ഥലത്താണ്. അമ്പലപ്പുഴയിൽ എത്തിയിട്ട് 50 വർഷമാവാൻ പോകുന്നു.' ഇത്‌ പറയുമ്പോഴും അവരുടെ മുഖത്ത് തെളിഞ്ഞ പ്രകാശം എന്റെ ശ്രദ്ധയിൽ പെട്ടു. 
 
അവരോട് യാത്ര പറഞ്ഞ്
അമ്പലപ്പുഴ അമ്പലത്തിലേക്ക് നടക്കുമ്പോൾ ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത 'കരിക്കിൻവെള്ളം' എന്ന വിളിപ്പേരുള്ള മുതിർന്ന സ്ത്രീയുടെ മുഖമാണ്  ഓർത്തത്. വീട്ടിലെ ഫോട്ടോ ആൽബത്തിൽ അവരുടെ ചിത്രം ഉൾപ്പെടുന്നു. പഴയ കാസറ്റ് റിബണുകൾ കൂട്ടിക്കെട്ടി നിലത്തു ബ്രൗൺ നിറത്തിലുള്ള സാരി ധരിച്ചു നിർവികാരമായി ഇരുന്ന ആ സ്ത്രീയെ അങ്ങനെ വിളിക്കാൻ കാരണം അവരുടെ തൊഴിലാണ്. ആക്രി സാധനങ്ങൾ പെറുക്കി വിറ്റു ജീവിച്ചയാളാണ് അവർ. അതിലൂടെ ജീവിതവരുമാനം കണ്ടെത്തിയതായാണ് അറിവ്. യഥാർത്ഥ പേരോ ഊരോ മറ്റു വിവരമോ ചോദിച്ചറിയാൻ അവരിന്നു ജീവിച്ചിരിപ്പില്ലാതെ പോയി. 

ജീവിതം തെരുവിൽ തള്ളിനീക്കിയ,  തെരുവിന്റെ സ്വന്തം അവകാശിയാണ് ആ തെരുവുപുത്രി. ആ ഫോട്ടോയ്ക്ക് ഇപ്പോൾ 30 കൊല്ലം പഴക്കം കാണും. ആ വിളിപ്പേരിൽ ഒളിച്ചിരുന്ന പരിഹാസത്തിന് അവരുടെ ജീവിതചര്യയെ തൊടാൻ കഴിഞ്ഞില്ല എന്നാണ് മനസ്സിലാക്കുന്നത്. അത് ഒരർഥത്തിൽ അവരുടെ വിജയമാണ്. 

മനുഷ്യഹൃദയങ്ങളിൽ ഇടം പിടിക്കാൻ പണമോ പദവിയോ പെരുമയോ കുലമോ ആവശ്യമാണെന്ന് നമ്മൾ എന്തിന് കരുതണം! 
മനസ്സ് നിറയുന്ന പുഞ്ചിരി സമ്മാനിക്കാൻ കഴിഞ്ഞാൽ, സന്തോഷത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആയാൽ, വിരിയുന്നത് ഒരു വസന്തമാവില്ലെന്ന് പറയാനാവുമോ?  




Comments

Post a Comment

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ