90 വയസിന്റെ ചെറുപ്പവുമായി ഭാരതിയമ്മ പോയി...

വീട് നിറയെ പ്രകാശം നൽകിയ വിളക്ക് പെട്ടെന്നൊരുനാൾ അണഞ്ഞു പോവുമ്പോൾ അന്തരീക്ഷം നിറയെ വേദനയും നഷ്ടബോധവും നിറയുന്നു. പക്ഷെ ആ വിളക്ക് പകർന്ന വെളിച്ചം പലരിലൂടെ പല കൈകളിലേക്ക് പകർന്നുകൊണ്ടേയിരിക്കും..


പുളിവീട്ടിലെ പ്രിയപ്പെട്ട അമ്മൂമ്മ ചെറിയൊരു കാറ്റ് പോലെ ജൂൺ 27ന് വൈകുന്നേരം, ആരോടും പറയാതെ, പരിഭവമില്ലാതെ, പരാതിക്ക് ഇടംകൊടുക്കാതെ കടന്നുപോയി. അന്ത്യനാളുകളിൽ അമ്മുമ്മയുടെ അടുത്തുവന്നിരുന്ന് മെലിഞ്ഞ കൈകൾ  തലോടിയും പേര് ചൊല്ലിവിളിച്ചും വിശേഷങ്ങൾ പറഞ്ഞും കൂട്ടായെത്തിയവരോട്‌ കാര്യമായൊന്നും പറയാതെയാണ് യാത്രയായത്. ആരെയും കഷ്ടപ്പെടുത്താതെ ഇവിടം വിടാൻ ആഗ്രഹിച്ചയാൾ ഇവിടം വിട്ടപ്പോൾ ബുദ്ധിമുട്ടുണ്ടായത് എത്രയെത്ര ആളുകൾക്കാണ്! ഒരു വ്യക്തിയെ പോലും അൽപ്പമെങ്കിലും ബുദ്ധിമുട്ടിപ്പിക്കാതെ കടന്നുപോവുന്നത് അസംഭവ്യമായ സംഗതിയാണ്. അവർക്കൊരു ബുദ്ധിമുട്ടായി തോന്നിയാലും പരിചരിക്കുന്നവർ അങ്ങനെയാവില്ല കരുതുന്നത്. ചിലപ്പോൾ രക്ഷപെടില്ലെന്ന് അറിഞ്ഞിട്ടും നിരാശരാവാതെ നീട്ടുന്ന നിരന്തരമായ കരുതലിന്റെ പേരാവാം സ്നേഹം. തന്റെ മരണത്തെ സാധാരണ സംഭവമായി അവതരിപ്പിച്ച ഓർമ്മകൾ സമ്മാനിച്ചാണ് മടക്കം. 



നാട്ടിൽ ഏതാണ്ട് എല്ലാ ആളുകൾക്കും സുപരിചിതയാണ് അമ്മൂമ്മ. ജനിച്ച നാട്ടിൽ ആയുസ്സിന്റെ അവസാനകാലം വരെ കഴിഞ്ഞത് കൊണ്ടു മാത്രമല്ല, നാട്ടിൽ എല്ലാവരോടും സ്നേഹപരമായാണ് അമ്മൂമ്മ പെരുമാറുന്നത്. ജാതി-മത വ്യത്യാസങ്ങൾ ഒന്നുമില്ലാതെയുള്ള കറ പുരളാത്ത ആത്മബന്ധം. വീട്ടിൽ ജോലിക്കോ മറ്റാവശ്യങ്ങൾക്കോ വേണ്ടി എത്തുന്ന എല്ലാവർക്കും അമ്മൂമ്മ ഭക്ഷണം വിളമ്പും. കഞ്ഞിപ്പാടത്തെ പട്ടിണിയകറ്റാൻ അമ്മുമ്മയെപ്പോലെ ചിലർ നടത്തിയ നിസ്വാർത്ഥ സേവനങ്ങൾ ഇന്നുമോർക്കുന്ന നിരവധി ആളുകൾക്ക് അവരുടെ വിയോഗം ഒരു കാലഘട്ടത്തിന്റെ തന്നെ വിരാമമാണെന്ന് തോന്നാം. ഒരു നേരവും ജോലി അവസാനിക്കാത്ത അടുക്കളയിലാണ് അമ്മൂമ്മ ജീവിതത്തിന്റെ സിംഹഭാഗവും കഴിഞ്ഞത്. ദിവസവും ചുരുങ്ങിയത് 50 പേർക്കെങ്കിലുമുള്ള ഭക്ഷണം വീട്ടിൽ തയ്യാറാക്കിയിരുന്നു. പാരമ്പര്യമായി കൃഷി ചെയ്‌തിരുന്നത്‌ കൊണ്ടും പറമ്പിൽ പച്ചക്കറി ഉണ്ടായിരുന്നതു കൊണ്ടും ഒരുപാട് പണച്ചിലവില്ലാതെ കാര്യങ്ങൾ ഓടിച്ചുകൊണ്ടുപോവാമെങ്കിലും അന്നത്തെ കൂട്ടുകുടുംബവ്യവസ്ഥിതിയിൽ കുടുംബനാഥന്റെ കീശ എന്നും കാലിയായിരുന്നു. പക്ഷെ, സാമ്പത്തിക പരാധീനതകൾ ഉള്ളപ്പോഴും വീട്ടിലെ ചിട്ടവട്ടങ്ങൾ നിലനിർത്താൻ അമ്മൂമ്മ ആഞ്ഞുശ്രമിച്ചു. ഒരുനിമിഷം പോലും ജോലി ചെയ്യാതിരിക്കാൻ ഇഷ്ടപ്പെടാതിരുന്ന ആളായത്കൊണ്ട് നാല് വർഷം മുൻപ് വരെ അടുക്കളയിൽ കയറുകയും ചെറിയ ജോലികൾ ചെയ്യുകയും ചെയ്തിരുന്നു. പ്രായം അതിന് അനുവദിക്കാതായതോടെ മറ്റ് ജോലികൾ സ്വയമേ കണ്ടെത്തി അവ ചെയ്‌തു സമയം ചിലവഴിച്ചു. അമ്മുമ്മയുടെ പ്രതാപകാലത്ത് നാല് പേർ ചെയ്യുന്നത്ര പണി ഒറ്റയ്ക്ക് ചെയ്യുമായിരുന്നു. അതിലൊന്നും ആരോടും പരാതിപ്പെടുന്ന പതിവ് അമ്മുമ്മയ്ക്ക് ഒരിക്കലുമില്ലായിരുന്നു. ഇടയ്ക്ക് കനത്തിൽ ദേഷ്യപ്പെടുമ്പോഴും അതെല്ലാം അല്പനേരത്തേക്കു മാത്രമാണുള്ളതെന്ന് പരിചയക്കാർക്ക് അറിയാവുന്ന കാര്യമാണ്. സാധാരണ അമ്മുമ്മമാരെപ്പോലെ സ്നേഹം വാരിക്കോരി പ്രകടിപ്പിക്കാൻ അറിയുന്ന ആളല്ലെങ്കിലും എല്ലാവരോടും സ്നേഹവും കരുതലും പുലർത്തിയിരുന്നു. വിജയപുരത്തെ വിജയൻ സാറിനോടും ചന്ദ്രവിലാസത്തെ രാമചന്ദ്രൻ അപ്പൂപ്പനോടും കോമളാമ്മുമ്മയോടും വൈശ്യംഭാഗത്തെ ശിവശങ്കരപ്പിള്ള അപ്പൂപ്പനോടും പന്ത്രണ്ടിൽ പ്രഭാകരൻ പേരപ്പനോടും കളപ്പുരയ്ക്കലെ ശ്യാമള അമ്മൂമ്മയോടും ചേച്ചാപറമ്പിലെ ബേബിപ്പേരമ്മയോടും വടക്കേതിലെ ചന്ദ്രിക അപ്പച്ചിയോടും കളപ്പുരയ്ക്കലെ തന്നെ മോളി അപ്പച്ചിയോടും ചെന്നിത്തലയിലെ ബേബി അപ്പച്ചിയോടും പിച്ചണ്ണാമഠത്തിലെ അമ്മുമ്മയോടും കാക്കാഴത്തെ ശാരിയമ്മൂമ്മയോടും പരുത്തിക്കളത്തിലെ സുഭദ്രാമ്മയോടും മാണി മാമനോടും കൊന്നപ്പാട്ടെ രാധാകൃഷ്ണൻ മാമനോടുമൊക്കെ അമ്മുമ്മയ്ക്ക് അഗാധമായ ഹൃദയബന്ധമാണ് ഉണ്ടായിരുന്നത്. ഒരു ചെറിയ കൂടിക്കാഴ്‌ചയിൽ പോലും സ്നേഹവാത്സല്യം നിറഞ്ഞുതുളുമ്പുന്ന അനവധി സന്ദർഭങ്ങൾ ഓർമ്മയിൽ തെളിയുന്നു.

ചില വേർപാടുകൾ സമാധാനമരണമെന്ന് മനസ്സിനെ ആശ്വസിപ്പിക്കുമ്പോഴും നമുക്കവ നഷ്ടബോധത്തിന്റെ തീരാക്കണക്കുകളാണ്. നമ്മുടെ ജീവിതത്തിൽ നിഴലും വെളിച്ചവും ഊർജ്ജവുമായ ചിലർ കടന്നുപോയാൽ  ഏൽപ്പിക്കുന്ന നിത്യവേദന ഒരുവേള കഴിഞ്ഞാൽ ശരീരത്തിലെ അവയവം പോലെ നമ്മുടെ ഭാഗമായി മാറുന്നു. ജീവിച്ചുതുടങ്ങിയ നാൾ മുതൽ പരിചിതമായ ചില മുഖങ്ങൾ ഒരു നാൾ  ഇടം വെടിയുന്നു. ഒഴിഞ്ഞ ഇടത്തിൽ നെടുവീർപ്പോടെ പകച്ചുനിൽക്കുന്ന നമ്മളിൽ ചിലർക്ക് അപ്പോൾ ഒരുതരം അനാഥത്വമാണ് അനുഭവപ്പെടുന്നത്. ഒരാളില്ലെങ്കിൽ നമ്മുടെ ലോകം എത്ര ചുരുങ്ങിപ്പോവുമെന്ന് തിരിച്ചറിയുന്ന ചില നിമിഷങ്ങൾ...


അവസാനനാളുകളിൽ അമ്മുമ്മയുടെ ഒപ്പമിരുന്ന് സമയം ചിലവിടാൻ കാരണമായത് കോവിഡ് മഹാമാരിയും അതെ തുടർന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ലഭിച്ച സൗകര്യവുമാണ്. ആ നാളുകളിൽ പല പഴയ കാര്യങ്ങളും അമ്മുമ്മയോട് ചോദിച്ചറിയാൻ സാധിച്ചു. ഒരുകാലത്ത് നിറയെ സംസാരിച്ചിരുന്നയാൾ അവസാനകാലത്ത് മൗനിയായി മാറിയെങ്കിലും ചില ഇഷ്ടവിഷയങ്ങൾ കിട്ടിയാൽ അമ്മുമ്മ കത്തിക്കയറുന്നത് നോക്കി രസിച്ചുനിന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ അമ്മുമ്മയെ അങ്ങനെ സംസാരിപ്പിക്കുന്നതിൽ ഞാനും ആനന്ദം കണ്ടെത്തിയിരുന്നു. 


അമ്മുമ്മ ഏറ്റവുമധികം രസിച്ചു സംസാരിച്ചു കണ്ടിട്ടുള്ളത് പത്മചിറ്റയുമായാണ്. ഭാരതിയമ്മ 86 വയസ്സ് എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടാണ് ചിറ്റ വീട്ടിലേക്ക് പ്രവേശിക്കുന്നത്. ആത്മീയതയും പഴംപുരാണവും നാട്ടുവിശേഷവും അവർക്കിടയിൽ സംസാരവിഷയങ്ങളാവും. ചിറ്റ പോയപ്പോൾ അമ്മുമ്മ എങ്ങനെയാണ് പ്രതികരിക്കുക എന്ന് പലരും വേവലാതിപ്പെട്ടിരുന്നു. എന്നാൽ മരണമെന്നത് എല്ലാ കാലവും വിടാതെ പിന്തുടർന്ന കൂട്ടുകാരിയോ ഒഴിയാബാധയോ  ആയിരുന്നുവെന്നത് ആ ജീവിതം അടുത്തുനിന്ന് കണ്ടയാൾ എന്ന നിലയിൽ എനിക്ക് അറിവുള്ളതാണ്. വേറെ രണ്ട് സന്ദർഭങ്ങൾക്ക് ദൃക്‌സാക്ഷിയല്ലെങ്കിലും അവയേൽപ്പിച്ച മുറിവുകൾ അമ്മൂമ്മ പറഞ്ഞറിയാം. വടക്കേതിലെ  സഹോദരി ഭാനുമതി അമ്മൂമ്മയുടെ മരണവാർത്ത അറിഞ്ഞയന്നാണ്  അമ്മുമ്മയെ ഏറ്റവും ദുഃഖിതയായി  കണ്ടത്. അന്ന് സാധാരണയിലും ഉറച്ച ശബ്ദത്തിൽ, ഒരേങ്ങലിന്റെ അകമ്പടിയോടെ അമ്മുമ്മ നിർത്താതെ നാമം ജപിച്ചുകൊണ്ടേയിരുന്നു. സ്വതവേ ഒച്ചക്കാരിയായ പത്മചിറ്റക്ക് അന്നൊരുദിവസം ശബ്ദം താഴ്ത്തി പാടേണ്ടിവന്നു. അന്നും എന്നും ആത്മീയതയുടെ കൂട്ടുകാരിയായി ജീവിച്ച വ്യക്തിക്ക് ദുഃഖമകറ്റാൻ മറ്റെന്ത് ചെയ്യാനാണ് സാധിക്കുക?


ഓരോ മരണവും നമുക്ക് വേദനയുടെ കൂമ്പാരമാണ്. വേർപാടിന്റെ കണക്കുപുസ്തകത്തിൽ നമ്മൾ ജീവിച്ച കാലമോ നമ്മുടെ പ്രായമോ നമ്മുടെ രോഗമോ മാത്രമല്ല അടയാളപ്പെടുന്നത്. ജീവിച്ച നാളുകളിൽ എങ്ങനെയാണ് ഓരോ കാര്യവും ചെയ്‍തത്, ഓരോ ആളുകളുമായി ഇടപെട്ടത്, ഓരോ ബന്ധങ്ങളും വളർത്തിയത് എന്നിവയെല്ലാം ചേരുന്നതാണ് അവയിലെ കാലചക്രം. എല്ലാ മരണവും അടിസ്ഥാനപരമായി ദുഃഖപരമായ ജീവിതാനുഭവങ്ങളാണ്. ജീവൻ പോയ വ്യക്തി നമുക്ക് ആരായിരുന്നുവെന്ന ഒറ്റച്ചോദ്യത്തിൽ മരണത്തിന്റെ ആഘാതം വലിഞ്ഞുമുറുകുന്നു. ആശ്വാസവാക്കുകൾക്ക് ആ സന്ദർഭത്തിൽ അൽപ്പായുസ്സാണ് ഉള്ളത്. 

അപ്പൂപ്പന്റെ നിഴലായി ഒതുങ്ങാതെ സ്വതന്ത്രവ്യക്തിയായി ജീവിച്ചയാളോട് അന്ന് തോന്നിയിരുന്ന ബഹുമാനം ഇന്നും നിലനിൽക്കുന്നു. ഏതാണ്ട് 60 കൊല്ലത്തോളം ഒരുമിച്ച്  ജീവിച്ച അപ്പൂപ്പനുമായി അമ്മുമ്മയ്ക്ക് ഉണ്ടായിരുന്നത് പരസ്‌പര ബഹുമാനത്തിൽ പൊതിഞ്ഞ വാക്കുതർക്കങ്ങൾ നിറഞ്ഞ ദാമ്പത്യബന്ധമാണ്. ജീവിതത്തിലെ ചില കാര്യങ്ങളിൽ അൽപ്പം കണിശക്കാരിയായ അമ്മുമ്മയോട് കുറെ കാര്യങ്ങളിൽ വിട്ടുവീഴ്‌ച ചെയ്‌താണ്‌ അപ്പൂപ്പൻ ജീവിച്ചിരുന്നത് എന്നൊക്കെ കാഴ്‌ചക്കാർക്ക് തോന്നുമെങ്കിലും അവരുടെ ദാമ്പത്യബന്ധത്തിന് ഒരിക്കൽ പോലും അല്പം ഉലച്ചിൽ സംഭവിച്ചിരുന്നതുമില്ല. 'ഭാരതിയേ,' എന്ന അപ്പൂപ്പന്റെ വിളി കേട്ട് അടുക്കള ജോലിക്ക് താൽക്കാലിക വിട നൽകി ഓടിയെത്തുന്ന അമ്മൂമ്മ പുളിവീട്ടിലെ പതിവ് ദിനചര്യയായിരുന്നു.   


1998/99ൽ വാഹനാപകടത്തിൽ കാലുകൾ തളർന്ന് അപ്പൂപ്പൻ ക്ഷീണിതനായതോടെ അമ്മുമ്മ അപ്പൂപ്പന്റെ മുഴുവൻ കാര്യങ്ങളും ഏറ്റെടുത്തു. 2009ൽ അപ്പൂപ്പൻ മരണമടയുന്നത് വരെ അപ്പൂപ്പനെ ബുദ്ധിമുട്ടുകൾ  അറിയിക്കാതെ മുന്നോട്ടുകൊണ്ടുപോയത് അമ്മൂമ്മയുടെ മനോധൈര്യമാണ്. ഒരു ദിവസം തുടങ്ങുന്നത് മുതൽ അവസാനിക്കും വരെയുള്ള അപ്പൂപ്പന്റെ ഏതാണ്ട് എല്ലാ കാര്യവും ശരിപ്പെടുത്തിയത് അമ്മൂമ്മയാണ്. എൺപതാമത്തെ വയസ്സിലും പതിനെട്ടുകാരിയെപ്പോലെ ഓടിനടന്ന പ്രസ്ഥാനമായിരുന്നു പുളിവീട്ടിലെ ഭാരതിയമ്മ.

അമ്മൂമ്മയെ ത്യാഗമയിയായി അടയാളപ്പെടുത്തുന്നത് അമ്മൂമ്മയുടെ വ്യക്തിത്വത്തെ ശരിയായി പ്രതിഫലിപ്പിക്കുമെന്ന് കരുതുന്നില്ല. ആക്കാലത്തെ സ്ത്രീകളിൽ നിന്ന് അമ്മൂമ്മ ഏറെ വ്യത്യസ്തയായിരുന്നു. സ്നേഹനിധിയായ വീട്ടമ്മയായല്ല തന്റേടിയും കാര്യപ്രാപ്തി നിറഞ്ഞ സ്ത്രീയായാണ് ജീവിച്ചത്. പിന്നീടെപ്പോഴോ തന്റേടം ശാന്തതയ്ക്കും ദീർഘമായ മൗനത്തിനും വഴിമാറി. മറ്റുള്ളവരെ ജീവിപ്പിക്കുന്നതിനിടയിൽ ജീവിക്കാൻ മറന്നുപോയ സ്ത്രീകളിൽ നിന്ന് അമ്മൂമ്മ വേറിട്ട് നിൽക്കുന്നു. യാത്രകൾ ചെയ്യുന്നതിലും കല, പുസ്തകവായന, ടിവി  എന്നീ വിനോദങ്ങൾ ആസ്വദിക്കാനും അമ്മൂമ്മ അൽപ്പം സമയം കണ്ടെത്തി. പേരകുട്ടികളെ ഊട്ടാനും കഥകൾ പറയാനും മടിയിൽ കിടത്തി ഉറക്കാനും വേണ്ടെന്ന് തോന്നുന്നവ വേണ്ടായെന്ന് പറയാനും മടിക്കാതിരുന്ന അവസാനനിമിഷം വരെ സ്വന്തമായ വ്യക്തിത്വം കാത്തുസൂക്ഷിച്ച സ്വാതന്ത്രയായ സ്ത്രീ കെട്ടുപാടുകളില്ലാതെയാണ്  ഇവിടെനിന്നു വിടവാങ്ങിയത്. 

അപ്പൂപ്പൻ മരിച്ച ആണ്ടുദിനത്തിന്റെ പന്ത്രണ്ടാം കൊല്ലം അമ്മൂമ്മ കിടപ്പിലായി. രണ്ട് ദിവസം കഴിഞ്ഞ് നിര്യാതയായി. പുളിവീട്ടിൽ രണ്ട് ശരീരവും ഒരു മനസ്സുമായി ജീവിച്ച രണ്ടുപേർ കൈ നീട്ടിയാൽ എത്തുന്നത്ര അകലത്തിൽ  അന്ത്യവിശ്രമം കൊള്ളുന്നു. അവരുടെ നിറമുള്ള ഓർമ്മകൾ മനസ്സിൽ സൂക്ഷിച്ച് ഞങ്ങളും യാത്ര തുടരുന്നു...



Comments

  1. അർദ്ധ വത്തായ വാക്കുകൾ കൊണ്ട് ഒരു ജീവിതം വരച്ചു കാട്ടിയിരിക്കുന്നു ആത്മാർദ്ധമായ അദിനന്ദനങ്ങൾ മണി മാമ്മൻ

    ReplyDelete
  2. വളരെ നന്ദി.. മണി മാമാ..

    ReplyDelete

Post a Comment

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ