അൻപ് അല തല്ലുന്ന പുഴ
"അൻപ് (സ്നേഹം) അല തല്ലുന്ന പുഴ, അതാണ് അമ്പലപ്പുഴ," അയൽക്കൂട്ട പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവായ ജി പങ്കജാക്ഷക്കുറുപ്പിൻ്റെ വാക്കുകൾ ഈ നാടിന് നന്നായി യോജിക്കുന്നു. ആലപ്പുഴ ജില്ലയുടെ തെക്ക് 14 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ് അമ്പലപ്പുഴ. ഞാൻ ജനിച്ചുവളർന്ന കഞ്ഞിപ്പാടത്ത് നിന്നും അമ്പലപ്പുഴയിലേക്ക് മൂന്നര കിലോമീറ്റർ ദൂരമാണ് ഉള്ളത്. അമ്പലപ്പുഴ എന്ന് കേട്ടാൽ ആദ്യം മനസ്സിൽ വരിക പ്രസിദ്ധമായ അമ്പലപ്പുഴ പായസത്തിൻ്റെ രുചിയാണ്. പല നാടുകളിൽ നിന്നും ഭക്തർ എത്തുന്ന അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ് തൃക്കൈവെണ്ണയും, പാൽപ്പായസവും. എന്താണ് ആ രുചിയുടെ രഹസ്യം? അമ്പലത്തിലെ മണിക്കിണറിലെ വെള്ളമെന്ന് ചിലർ പറയുന്നു, രഹസ്യമായ പാചകരീതിയെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. എന്ത് തന്നെയായാലും പായസത്തിന് പെരുത്ത് ആരാധകരുണ്ട്. പായസം തയ്യാറാക്കാൻ ദിവസവും വേണ്ട പാലെത്തിക്കുന്നത് അവിടെ അടുത്ത് താമസിക്കുന്ന ക്ഷീരകർഷകരാണ്. രാവിലെ പതിനൊന്ന് മണി കഴിഞ്ഞാണ് പാൽപ്പായസവിതരണം. അതിമധുരമാണ് പായസത്തിനെ വേറിട്ട് നിർത്തുന്നത്. ചെമ്പാവരി അരിയുടെ തവിട്ട് കലർന്ന നിറമാണ്. ഒരു ഗ്ലാസ് കുടിച്...