ജോലിപ്രേമം!
ഒരു ദിവസത്തിന്റെ ഏറിയ പങ്കും ജോലി ചെയ്യാൻ വേണ്ടിയാണ് വിനിയോഗിക്കുന്നത്. ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും കഷ്ടപ്പെടുന്നതും അല്ലാത്തതുമായ ആയിരമായിരം പണികൾ ഏവരും ചെയ്യുന്നു. അങ്ങനെ ചെയ്തുവരുന്ന എല്ലാ കാര്യങ്ങൾക്കും കണക്കെടുക്കാൻ കഴിയില്ല. എന്താണതിന് കാരണം? കുന്നുകൂടുന്ന പണികൾക്കിടയിൽ എല്ലാമെല്ലാം പിരിച്ചെടുക്കാനോ പ്രാധാന്യമുള്ളതും ഇല്ലാത്തതുമായ ജോലികൾ ആവിധം നോക്കിക്കണ്ട് തിരിച്ചുനിർത്താനോ സമയവും ആവതും (energy) ഇല്ലാതെ പോവുന്നു. പലപ്പോഴും ജോലികൾക്കിടയിൽ ഞെരുങ്ങി അങ്ങനെയിങ്ങനെ തള്ളിനീക്കുന്നു. ജോലിയെന്ന് പരത്തി പറയുമ്പോൾ സ്ത്രീയേയും പുരുഷനെയും വ്യത്യസ്തമായി അടയാളപ്പെടുത്തേണ്ടി വരും. മുറ്റം അടിച്ചു വാരൽ, പാത്രം കഴുകൽ, പാചകം ചെയ്യൽ, മുറി വൃത്തിയാക്കൽ എന്നിങ്ങനെ പോവുന്ന വീട്ടുപണികളും ഓഫിസ്പരമായി ചെയ്തു തീർക്കേണ്ട ചുമതലകളും പിന്നെ വേറെയും നൂറായിരം പണികൾ സ്ത്രീകളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു. അവയോരോന്നും ചെയ്യുന്നതിന് മനസ്സ് കൊണ്ട് സമയക്കണക്ക് പണിത് പരാക്രമിച്ചു പണിയെടുക്കുന്നവരുടെ പട്ടികയിൽ ഞാനോ നിങ്ങളോ നമുക്ക് അറിയുന്ന മറ്റുള്ളവരോ ഒക്കെയും ഉൾപ...