Posts

പ്രകൃതി നല്‍കുന്ന ചില ജീവിതപാഠങ്ങള്‍

Image
വിലപ്പെട്ട പല അറിവുകളാണ്, ആശയങ്ങളാണ് നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നത്. പ്രകൃതിയുടെ കാര്യം തന്നെയെടുക്കുക. നിറയെ മാങ്ങ തരുന്ന മാവിന്‍റെ ചില്ലകള്‍ താഴ്ന്ന് നില്‍ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിനെ നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്തി നോക്കാം. നിറയെ മാങ്ങകൾ ഉണ്ടായിട്ടും ഉയരങ്ങളിൽ ഒളിച്ചിരിക്കാതെ, നമ്മൾ വേദനിപ്പിക്കുമ്പോൾ അത് സഹിച്ചു നിൽക്കുന്ന മരങ്ങൾ പലതും പറയുന്നില്ലേ? മാവിനെപ്പോലെ വിനയമുണ്ടായിരിക്കണം എന്നാദ്യം പഠിപ്പിക്കുന്നത്  മിനി മിസ്സാണ്. മിസ്സ് പറയുന്നു "വിനയം എന്നത് വാക്കിലും, നോക്കിലും പ്രവൃത്തിയിലും വെളിവായാല്‍ നിങ്ങള്‍ അര്‍ത്ഥവത്തായ ജീവിതമാണ് നയിക്കുന്നത്." കലപില കൂട്ടുന്ന കാക്കക്കൂട്ടങ്ങൾ എന്തെങ്കിലും സന്ദേശം നല്കുന്നുണ്ടോ? ജീവിക്കാനുള്ള തിരക്കില്‍ മനുഷ്യരെ മറന്നാല്‍ അവര്‍ നിങ്ങളെയും സ്വാഭാവികമായി മറന്നുപോകും എന്നതാണത്. സ്വന്തം കൂട്ടത്തില്‍ ഒന്നിന് ആപത്ത് പറ്റിയാല്‍ നിമിഷങ്ങള്‍ക്കകം  ഒത്തുകൂടുന്ന കാക്കക്കൂട്ടങ്ങള്‍ പറയുന്നത്, നിങ്ങള്‍ നിസ്സഹായരാവുന്ന വേളയില്‍ നിങ്ങള്‍ക്ക് തുണയായി ആളുകള്‍ ഉണ്ടായിരിക്കേണ്ടതിന്‍റെ ആവശ്യകതയെകുറിച്ചാണ്‌ എന്ന് തോന്നുന്നില്ലേ? പ്...

പാപ്പാലയിലെ എന്‍.എസ്.എസ് ക്യാമ്പ് ഓര്‍മ്മകള്‍

Image
ഡിഗ്രീ പഠനകാലത്താണ് എന്‍. എസ്. എസ് എന്ന വിദ്യാര്‍ഥികളുടെ ദേശീയ-സേവനസംഘടനയില്‍ അംഗമാകുന്നത്. ഗാന്ധിജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പരിപാടിയാണ് എന്‍. എസ്. എസ്. സ്കൂള്‍- കോളജ് തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിക്കപ്പെടുന്നു. ഒരു ബാച്ചില്‍ പരമാവധി നൂറ് അംഗങ്ങള്‍ക്കാന് അവസരം. കോളജ് ഹാളില്‍ നടന്ന orientation പ്രോഗ്രാമിന് ശേഷം ആവര്‍ത്തിച്ചു കേട്ട ഒരു ചോദ്യമാണ് എന്ന് മുതല്‍ ക്യാമ്പിനു തുടക്കമാവും എന്നത്. ഒടുവില്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് NSS കോളജ്- ഇന്‍-ചാര്‍ജ്- ഫാ ഷോജി വര്‍ഗീസ്‌ തന്നെ സ്ഥലവും, സമയവും അറിയിച്ചു. തിരുവനന്തപുരത്തെ, കിളിമാനൂരിനു സമീപം പാപ്പാല എന്ന ഗ്രാമത്തിലാണ് ക്രിസ്മസ് വെക്കേഷന്‍ സമയത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിനു ആദ്യം തിരഞ്ഞെടുത്ത നിരവധി പേര്‍ പല കാരണങ്ങള്‍ പറഞ്ഞു പിന്മാറി. ക്യാമ്പിനു വരാൻ പലർക്കും പല കാരണങ്ങൾ ആയിരുന്നു. വീട്ടിൽ നിന്ന് മാറിനിൽക്കുന്ന അനുഭവം തേടിയെത്തിയ ചിലർ, എൻ എസ് എസ് അനുഭവങ്ങൾ ആസ്വദിക്കാൻ എത്തിയ ചിലർ,  പങ്കെടുത്താല്‍ ലഭിക്കുന്ന grace markല്‍ കണ്ണ് വെച്ച് വന്നവർ, ക്യാമ്പ് അനുഭവങ്ങള്‍ മുന്‍പ് സീനിയര...

വായനശാല: പുസ്തകപ്രേമികളുടെ പറുദീസ

Image
വായനയെ ഒരു അഭിനിവേശമായി കൊണ്ടുനടന്ന കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മകളാണ് ഓരോ വായനശാലകളും എനിക്ക് സമ്മാനിക്കുന്നത്. നാട്ടിലെ മാങ്ങയ്ക്ക് മധുരം ഏറും എന്ന് പറയുന്നത് പോലെ ആദ്യമായി വായനയിലേക്ക് കൈ പിടിച്ചു നടത്തിയ സ്ഥാപനങ്ങളോട് എങ്ങനെ കൂറ് തോന്നാതിരിക്കും? രാജു സാര്‍ നടത്തിയിരുന്ന കഞ്ഞിപ്പാടം എയ്ഞ്ചല്‍ EMSല്‍ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ട കുറെ കഥകളും, അവ മനോഹരമായി പറഞ്ഞു തന്ന അധ്യാപകരും വായനയെ ഒരാസ്വാദ്യകരമായ അനുഭവമായി മാറ്റാന്‍ സഹായിച്ചു. ഞങ്ങള്‍ കുട്ടികള്‍ ചേര്‍ന്ന് വീടിനു സമീപം നിന്ന മാവിന്‍റെ തണലില്‍ ഒരു കൂര പോലൊന്ന് കെട്ടി, പുസ്തകങ്ങള്‍ ഞായറാഴ്ച തോറും വെച്ചിരുന്നത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു. അതിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തിരുന്നത് അയല്‍ക്കൂട്ടത്തിന്‍റെ സ്ഥാപകന്‍ ആയ ഡി പങ്കജാക്ഷക്കുറുപ്പ് സാര്‍ ആയിരുന്നു. അന്ന് അദ്ദേഹം നല്‍കിയ പിന്തുണ ഞങ്ങള്‍ കുട്ടികള്‍ക്ക് വലിയ ഊര്‍ജ്ജം പകര്‍ന്നു. പക്ഷെ, പിന്നീട് അത് തുടര്‍ന്ന് കൊണ്ടുപോവാന്‍ ഞങ്ങള്‍ക്ക്  സാധിച്ചില്ല. ആദ്യമായി മെമ്പർഷിപ്പ് എടുക്കുന്നത് കഞ്ഞിപ്പാടം കെ വിജയന്‍ സ്മാരക വായനശാലയിലാണ്. അന്നവിടെ, പഴയ പഞ്ചായത്ത് മെമ്പര്‍ ആയ, ഞങ്...

സ്വപ്നങ്ങൾ യാഥാർഥ്യമാവാൻ

Image
നമ്മള്‍ എന്തിനെക്കുറിച്ചെല്ലാമാണ് സ്വപ്നങ്ങള്‍ കാണാറുള്ളത്? ആഗ്രഹിച്ചിട്ട് നടക്കാതെ പോകുന്ന, അല്ലെങ്കില്‍ നടക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങള്‍ എന്നാണോ പറയാന്‍ പോകുന്നത്? എങ്കില്‍, അങ്ങനെ കാണുന്ന സ്വപ്നങ്ങള്‍ മനസ്സില്‍ കൂടുതല്‍ ആഴത്തില്‍ പതിഞ്ഞത് കൊണ്ട് നിങ്ങള്‍ക്ക് അങ്ങനെ തോന്നിയതാവാനേ തരമുള്ളൂ. മനസ്സിന്‍റെ ആഗ്രഹങ്ങളാണ്, അഭിലാഷങ്ങളാണ് നിങ്ങള്‍ സ്വപ്നത്തിന്റെ രൂപത്തില്‍ പ്രധാനമായും കാണുന്നത്. ഈ കാഴ്ചകള്‍, നിങ്ങളുടെ ഉപബോധമനസ്സ് നിങ്ങളോട് സംവദിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായി ഉടലെടുക്കുന്നതാണ് എന്ന് മനശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സ്വപ്നത്തിലേക്ക്, അതിന്‍റെ ശാസ്ത്രീയതയിലേക്ക് കൂടുതല്‍ കടക്കുന്നില്ല. നമ്മെ വീണ്ടും വീണ്ടും കാണാന്‍ കൊതിപ്പിക്കുന്ന, യാഥാർഥ്യമായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുന്ന ചില സ്വപ്നങ്ങളുണ്ട്. അവയ്ക്ക് പുറകെ പായാന്‍ താല്പ്പര്യപ്പെടാത്ത വരാണ് നമ്മളില്‍ അധികവും. അതില്‍ അടങ്ങിയിരിക്കുന്ന പരിണിതഫലങ്ങളെ ഓര്‍ത്ത്, അധികം മെനക്കെടേണ്ട എന്ന് ചിന്തിച്ച്, സ്വയം തൃപ്തിപ്പെടാന്‍ നാം മിക്കപ്പോഴും ശ്രമിക്കുന്നു. പക്ഷെ, അങ്ങനെ ചെയ്യാതിരുന്നിട്ടുള്ള പലരും ജീവിതത്തില്‍ ...

ഞാന്‍ സ്റ്റീവ് ലോപ്പസ്: സിനിമയിലെ ജീവിതം

Image
രാജീവ് രവി സംവിധാനം ചെയ്ത, 2014ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രം കണ്ടിറങ്ങിയ ആ ദിവസം ഇന്നും ഓര്‍ക്കുന്നു. ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിച്ചിട്ടാണ് ആ ദിവസം ഉറങ്ങാന്‍ കിടന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തിന്‍റെ ചലച്ചിത്രാവിഷ്ക്കാരമാണ് ചിത്രം എന്ന് പിന്നീട് അറിയാനിടയായി. സിനിമ മുന്നോട്ട് വയ്ക്കുന്ന പ്രമേയം അന്നത്തെപ്പോലെ ഇന്നും പ്രസക്തമാണ് എന്നതിനാലാണ് ഇങ്ങനെയൊരു പോസ്റ്റ്‌. ചില സംഭവങ്ങള്‍ കാണാനിടവരുന്ന സ്റ്റീവിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. പോലീസുകാരുടെ സഹായത്തോടെ നടക്കുന്ന രണ്ട് ഗുണ്ടാ-കൊലപാതകങ്ങളുടെ കഥയെന്ന് ഒറ്റവാചകത്തില്‍ പറയാം. എന്നാല്‍, ചിത്രം അത് മാത്രമാണ് പറയുന്നത് എന്ന് കരുതാന്‍ കഴിയില്ല.  എല്ലാത്തിനും സാക്ഷിയാവുന്ന സ്റ്റീവിന്‍റെ ഉത്തരം കിട്ടാനുള്ള അലച്ചില്‍, എല്ലാം അറിഞ്ഞിട്ടും സ്നേഹത്തിന്‍റെ പുറത്ത് അത് മറച്ചു വെയ്ക്കുന്ന അച്ഛന്‍, അയാള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം, വഴിയില്‍ പരിക്കേറ്റ് കിടന്നയാളെ ആശുപത്രിയില്‍  എത്തിച്ചതിനു സ്റ്റീവിനെ പഴി പറഞ്ഞ കുടുംബം- നിരവധി ചോദ്യങ്ങള്‍ ആണ് ഈ കഥാസന്ദര്‍ഭങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത്. തമ്മില്‍ കൊന്നു പക വീട്ടുന്ന ഗുണ...

രേണു..

Image
രേണുക  -  അതായിരുന്നു അവളുടെ പേര്. ഞങ്ങള്‍ കുറച്ചു പേര്‍ അവളെ രേണു എന്നാണ് വിളിച്ചിരുന്നത്. ആ വിളി അവള്‍ക്കും ഇഷ്ടമായിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഞങ്ങളുടെ ഒക്കെ ഹൃദയത്തില്‍ അവള്‍ കയറിപ്പറ്റിയത്. അൽപ്പം കുസൃതിയുള്ള  ഒരു വായാടി എന്ന് ആദ്യ കാഴ്ചയില്‍ തോന്നിക്കുന്ന പ്രകൃതം. ഞങ്ങള്‍ നടത്തുന്ന 'Eachone Teachone' എന്ന  വിദ്യാഭ്യാസ പരിപാടിക്കിടെയാണ് ആദ്യം കാണുന്നത്. ലിംഗംപള്ളിയിലെ കൂട്ടുകാരുമൊത്ത് കളിക്കുന്ന തിരക്കിലായിരുന്നു അവള്‍. അവിടെ താമസിക്കുന്ന മാരുതി പറഞ്ഞാണ് രേണുവിനെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. ചന്ദ്രയ്യ- ലക്ഷ്മി ദമ്പതികളുടെ ഏക മകളാണ്. ബേഗംപേട്ട് ഫ്ലൈഓവറിനു കീഴെ ഒരു അറവുശാലയുടെ സമീപം ഒരു കൂര പോലൊന്ന് കെട്ടിയിട്ടുണ്ട്.  അവിടെയാണ് താമസം. രേണുവിൻ്റെ പഠനം മുടങ്ങിയിട്ട് ഒരു വര്‍ഷമായി എന്നറിഞ്ഞു. അതേപ്പറ്റി സംസാരിച്ചപ്പോള്‍, സ്കൂളില്‍ പോകാന്‍ താല്പര്യം ഇല്ലാത്തത് പോലെ തോന്നി. രേണുവിന്‍റെ അച്ഛനമ്മമാര്‍ ഭിക്ഷ യാചിക്കാന്‍ പോകുമായിരുന്നു.ചന്ദ്രയ്യയ്ക്ക് കാഴ്ച്ചശേഷി ഇല്ല. ആദ്യ വിവാഹത്തില്‍ നടന്ന ഒരപകടത്തില്‍ ചലനശേഷിക്ക് സാരമായ കുഴപ്പം സംഭവിച്ച ലക്ഷ്മിയു...

ടിങ്കു

Image
വീട്ടില്‍ സ്ഥിരമായി വന്നിരുന്ന, ഞങ്ങളോടൊക്കെ വല്ലാത്ത അടുപ്പം കാട്ടിയിരുന്ന പൂച്ചക്കുട്ടിയാണ് ടിങ്കു. പ്ലസ്‌ ടു പരീക്ഷാചൂടില്‍ അവന്‍റെ സാന്നിധ്യം അന്ന് വല്ലാത്ത ഒരാശ്വാസം തന്നിരുന്നു. കറുപ്പും, വെളുപ്പും ഇടകലര്‍ന്നതാണ് അവന്‍റെ രൂപം. ആളുടെ പമ്മിപമ്മിയുള്ള നടത്തവും, അടുത്ത വീട്ടിലെ പട്ടിയെ കാണുമ്പോള്‍ ഉള്ള പേടിച്ചോട്ടവും കാണാന്‍ ബഹുരസമാണ്. ഞങ്ങള്‍ കുട്ടിക്കാലം മുതല്‍ വളര്‍ത്തിയിരുന്ന ഒരു പൂച്ചയോന്നുമല്ല ടിങ്കു. ഏതോ ഒരു മഴക്കാലത്ത് വീടിന്‍റെ ഓരം പറ്റി നിന്ന ഇവനെ കണ്ടതാണ് ആദ്യഓര്‍മ്മ. പിന്നെ വൈകുന്നേരങ്ങളില്‍ അവന്‍റെ വരവ് പതിവായി. കൊറിക്കാന്‍ എടുക്കുന്ന സാധനങ്ങളില്‍ ഒരു പങ്ക് അവനും ഉള്ളതായി.  പിന്നീട് രാവിലെ ചായകുടിക്കാനും,  ഉച്ചയ്ക്ക് കിട്ടുന്ന ചോരുരുളയ്ക്കും വേണ്ടി ദിവസവും വന്നു തുടങ്ങി. ഇതിനിടയ്ക്ക് വീട്ടില്‍ കഴിഞ്ഞിരുന്ന എലികളുടെ കഷ്ടകാലം തുടങ്ങിയിരുന്നു. ഇവന്‍ വീട്ടിലെ ഒരംഗം ആണെന്ന തോന്നല്‍ വീട്ടുകാര്‍ക്കും വന്നുതുടങ്ങി.  പൊതുവേ അത്ര പൂച്ചപ്രിയയല്ലാത്ത അമ്മൂമ്മ പോലും ടിങ്കുവിനെ തിരക്കാന്‍ തുടങ്ങി. പ്ലസ്‌ടു കഴിഞ്ഞു കോളജില്‍ ചേര്‍ന്നതോടെ വീട്ടിലേക്കുള്ള വരവ് വല്ലപ്പോഴും ആ...