പത്മരാജൻ: എന്തൊരു എഴുത്താണിത്!
ലളിതസുന്ദരമായ പദങ്ങൾ. എന്തൊരു എഴുത്താണിത് എന്ന് തോന്നിപ്പിക്കുമാറ് പുലർത്തുന്ന രചനാവൈഭവം, സാധാരണക്കാരുടെ തീർത്തും അസാധാരണമായ ജീവിതപ്രശ്നങ്ങൾ വിളിച്ചുപറയുന്ന സിനിമകൾ - ഇതൊക്കെയാണ് എനിക്ക് പത്മരാജൻ എന്ന മലയാളികളുടെ പപ്പേട്ടൻ! എഴുത്തിലെ ആഴവും അനായാസമെന്ന് വിചാരിക്കാവുന്ന ചിന്തോന്മുഖമായ കഥാസന്ദർഭങ്ങൾ മെനയുന്നതിലെ പാടവവും എന്നെ പത്മരാജൻ രചനകളിലേക്ക് ഹതാകർഷിച്ചു. പത്മരാജന്റെ സാഹിത്യകൃതികൾ അധികമൊന്നും വായിക്കാനുള്ള അവസരം ലഭിച്ചിട്ടില്ലെങ്കിലും വായിച്ചവയെല്ലാം മനസ്സിൽ ഫോട്ടോആൽബം പോലെ പതിഞ്ഞവയാണ്. ലോലയും ഉദക്കപ്പോളയിലെ ചില ഭാഗവും കഥാസമാഹാരങ്ങളും വായിച്ചിട്ടുണ്ട്. 'നക്ഷത്രങ്ങളേ കാവൽ' എന്ന നോവലാണ് ഇനി വായിക്കാനുള്ളത്. പി കെ മെമ്മോറിയൽ വായനശാലയിൽ ഇനി തിരയാൻ പോവുന്നത് ആ നോവൽ തന്നെയായിരിക്കും. പത്മരാജൻ സിനിമകൾ വ്യത്യസ്തമാണ്. അദ്ദേഹം കഥകൾ മെനഞ്ഞെടുക്കുന്നതിൽ പുലർത്തുന്ന സൂക്ഷ്മത സിനിമയ്ക്ക് പേരിടുന്നതിൽ തെളിഞ്ഞുകാണാം. കാണാമറയത്ത്, തൂവാനത്തുമ്പികൾ, കൂടെവിടെ, ദേശാടനക്കിളി കരയാറില്ല എന്ന് തുടങ്ങുന്ന എത്രയെത്ര ചിന്തനീയവും സാഹിത്യ ഭംഗി നിറഞ്ഞതും കാവ്യാത്മകവുമ...